
കല്‍പ്പറ്റ: വയനാട് തൃക്കൈപ്പറ്റയിൽ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്ന കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. നെല്ലിമാളം സ്വദേശി ജോസിനെയാണ് കൽപ്പറ്റ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഗാർഹിക പീഡന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മായ എസ്. പണിക്കരെയാണ് ജോസ് പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചത്. ഓഫീസർക്ക് ഒപ്പമുണ്ടായിരുന്ന കൗൺസിലർ നാജിയ ഷെറിന് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വീട്ടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്ന പട്ടി മായയെ ആക്രമിക്കുകയായിരുന്നു. ഉടമസ്ഥനായ ജോസ് സമീപത്തുണ്ടായിരുന്നെങ്കിലും പട്ടിയെ പിടികൂടിയില്ല. സംഭവത്തിന് പിന്നാലെ മായാ എസ് പണിക്കർ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നെല്ലിമാളം സ്വദേശി ജോസിനെതിരെ മേപ്പാടി പൊലീസിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ സ്ഥലത്തെത്തി അന്വേഷണം നടത്തിയ പൊലീസ് പ്രതിയായ ജോസിനെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ജോസിനെ റിമാന്‍ഡ് ചെയ്തു.
വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞി. ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കറുമായി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണത്തിന് ചെന്ന വീട്ടില്‍ സംഭവത്തില്‍ പ്രതിയായ ജോസിന്റെ ഭാര്യയുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അതിനോടകം എടുത്തിരുന്നു. പിന്നീട് ആവശ്യപ്പെട്ട പ്രകാരം നിയമ സഹായവും ഉറപ്പാക്കി. എന്നാല്‍ നിയമസഹായം ഉറപ്പാക്കിയിട്ടും അവരത് തേടിയെത്താതിരിക്കുകയും പല തവണ ഫോണ്‍ വിളിച്ചിട്ടും അവരെടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലുമാണ് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പരാതിക്കാരിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ വീട്ടില്‍ അന്വേഷിച്ചു ചെന്നത്. അത്രയും ആത്മാര്‍ഥതയോടെ സ്വന്തം കര്‍ത്തവ്യം ചെയ്യുകയായിരുന്ന ഓഫീസറെയാണ് നായയെ വിട്ടു ആക്രമിപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
Read More : പാഴ്സൽ ലോറിയുടെ നിയന്ത്രണം തെറ്റി, തടിലോറിയുടെ പിന്നിലിടിച്ചു; ഡ്രൈവർക്ക് പരിക്ക്, ഗതാഗതക്കുരുക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam