
കോട്ടയം: കോട്ടയത്ത് പൊലീസിനെ നാണംകെടുത്തിയ മൊബൈൽ ഫോൺ കള്ളൻ ഒടുവിൽ അറസ്റ്റിൽ. മോഷണം പോയ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസ് സഹായം കിട്ടാതെ വന്നതോടെ ഒരുപറ്റം യുവാക്കൾ ഫോൺ സ്വയം കണ്ടെത്തിയ സംഭവത്തിന്റെ തുടരന്വേഷണത്തിലാണ് കളളൻ അറസ്റ്റിലായത്.
കോട്ടയം നാഗമ്പടം സ്വദേശി ഗോവിന്ദും കൂട്ടുകാരും ചേർന്നാണ് നഷ്ടപ്പെട്ട് പോയ മൊബൈൽ ഫോൺ സ്വയം കണ്ടെത്തി കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചത്. സൈബർ സെല്ലിൽ നിന്നും ലോക്കൽ പൊലീസിൽ നിന്നും സഹായം കിട്ടാതെ വന്നതോടെ ആയിരുന്നു സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുവാക്കളുടെ സംഘം നഷ്ടപ്പെട്ട ഫോൺ കണ്ടെത്തിയത്. ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മോഷണം പോയ മറ്റ് ഏഴ് ഫോണുകളും ചെറുപ്പക്കാരുടെ സംഘം കണ്ടെത്തിയിരുന്നു. സംഭവം പൊലീസിന് വലിയ നാണക്കേടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
Also Read: പിള്ളേര് വേറെ ലെവലാണ് : പൊലീസിനെ ഞെട്ടിച്ച അന്വേഷണ മികവ്, നാട്ടിലെ താരങ്ങളായി ഗോവിന്ദും സംഘവും
കുറിച്ചി സ്വദേശി ബിനു തമ്പിയിലാണ് പൊലീസ് അന്വേഷണം എത്തിനിന്നത്. കുറിച്ചിയിൽ നിന്ന് യുവാക്കൾ കണ്ടെത്തിയ ഏഴ് ഫോണുകളും മോഷ്ടിച്ചത് ബിനുവാണെന്ന് പൊലീസ് പറയുന്നു. സ്ഥിരമായി വീടുകളിൽ തീർത്ഥാടനത്തിന്റെ പേരിൽ ഭിക്ഷ യാചിച്ചു ചെല്ലുകയും വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ അവിടെയുള്ള ഫോണുകൾ കവരുകയും ആണ് ബിനുവിന്റെ പതിവെന്നും പൊലീസ് പറയുന്നു. മുൻപും സമാനമായ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും ബിനുവിനെതിരെ കേസ് ഉണ്ടെന്നും പൊലീസ് പറഞ്ഞു. ചിങ്ങവനം എസ് എച്ച് ഒ ടി ആർ ജിജുവും സംഘവുമാണ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ കള്ളനെ അറസ്റ്റ് ചെയ്തത്.