കാണ്‍പൂര്‍: കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ മാഫിയ തലവന്‍ വികാസ് ദുബെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി സംശയം.വികാസ് ദുബെക്കായുള്ള തെരച്ചിൽ അതിർത്തി ഗ്രാമത്തിലേക്കും വ്യാപിപ്പിച്ചു. അതിർത്തികളിൽ ദുബൈയുടെ ഫോട്ടോ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. അതേസമയം, വികാസ് ദുബെയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

വികാസ് ദുബെയെ അറസ്റ്റ് ചെയ്യാന്‍ രാജ്യമൊട്ടാകെ വലവിരിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്. ദുബെയെ പിടികൂടുന്നതിനായി 25 സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. ഇവരെ യുപിയിലെ വിവിധ ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലുമായി നിയോഗിച്ചു. അഞ്ഞൂറോളം മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ, സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ദുബെ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. ദുബെയുടെ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രിയെ പൊലീസ് പിടികൂടാനും പൊലീസിന് സാധിച്ചു. ഏറ്റുമുട്ടലിലൂടെയാണ് ഇയാളെ കുടുക്കിയത്. പ്രതി ഇപ്പോൾ ആശുപത്രിയിലാണ്.

Also Read: ഉത്തർപ്രദേശിൽ എട്ടുപോലീസുകാരെ വെടിവെച്ചു കൊന്ന ക്രിമിനൽ സംഘത്തിന്റെ തലവൻ വികാസ് ദുബെ ആരാണ്?

കൊടും ക്രിമിനലായ ദുബെക്കെതിരെ അറുപതോളം ക്രിമിനല്‍ കേസുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസം ദുബെയുടെ വീട് റെയ്ഡ് നടത്തിയ പൊലീസ്, വീട് ഇടിച്ചു നിരത്തിയിരുന്നു. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് വികാസ് ദുബെ തന്റെ ബംഗ്ലാവ് പണിഞ്ഞത് എന്ന ആക്ഷേപം വർഷങ്ങളായി നില നിന്നിരുന്നു എങ്കിലും കഴിഞ്ഞ ദിവസമാണ് അതിന്മേൽ കർശന നടപടിയുമായി കാൺപൂർ നഗരസഭാ അധികൃതർ മുന്നോട്ട് പോയത്. കെട്ടിടം ഇടിച്ചു നിരത്തുന്നതിനിടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ദുബെയുടെ നിരവധി കാറുകൾക്കും ചുവരുകൾ ഇടിഞ്ഞു വീണ് നാശം സംഭവിച്ചിട്ടുണ്ട്. 

Also Read: എട്ടു പൊലീസുകാരെ വെടിവെച്ചു കൊന്ന കേസ്: കുറ്റവാളി വികാസ് ദുബൈയുടെ ബംഗ്ലാവ് ഇടിച്ചു നിരത്തി കാൺപൂർ നഗരസഭ

കഴിഞ്ഞ വ്യാഴാഴ്ച പാതിരയോടെ നടന്ന ഏറ്റുമുട്ടലില്‍ ഡിഎസ്പി അടക്കം എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ഏഴ് പൊലീസുകാര്‍ക്കും പരിക്കേറ്റു. കൊല്ലപ്പെട്ട പൊലീസുകാരുടെ ആയുധവുമെടുത്താണ് ക്രിമിനലുകള്‍ മുങ്ങിയത്.