Asianet News MalayalamAsianet News Malayalam

ദില്ലി ഗാർഗി കോളേജിലെ ലൈംഗിക അതിക്രമം: മൂന്ന് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

കഴിഞ്ഞ വ്യാഴാഴ്ച നടന്ന കോളേജ് ഫെസ്റ്റിവലിന് ഇടയിലാണ് സംഭവം. വൈകിട്ട് ആറുമണിയോടെ മദ്യപിച്ചെത്തിയ ഒരു സംഘം പുരുഷന്മാര്‍ കോളേജ് ഗേറ്റിനടുത്തെത്തി വിദ്യാര്‍ത്ഥിനികളെ തടയുകയായിരുന്നു

Delhi Gargi College sexual abuse Police registers FIR
Author
Delhi, First Published Feb 10, 2020, 3:45 PM IST

ദില്ലി: ഗാര്‍ഗി വിമന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍  ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍, മൂന്ന് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു.  കോളേജ് അധികൃതരുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നടപടി.

പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പാർലമെന്റിൽ ഉറപ്പുനൽകിയിരുന്നു. സംഭവത്തിൽ ദില്ലി പൊലീസിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ലോക്സഭയിൽ കോൺഗ്രസും രാജ്യസഭയിൽ എഎപിയും വിഷയം ഉന്നയിച്ചു. ദില്ലി പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി ദില്ലി വനിതാ കമ്മിഷനും രംഗത്തെത്തി.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന കോളേജ് ഫെസ്റ്റിവലിന് ഇടയിലാണ് സംഭവം. വൈകിട്ട് ആറുമണിയോടെ മദ്യപിച്ചെത്തിയ ഒരു സംഘം പുരുഷന്മാര്‍ കോളേജ് ഗേറ്റിനടുത്തെത്തി വിദ്യാര്‍ത്ഥിനികളെ തടയുകയായിരുന്നു. തുടര്‍ന്ന് ക്യാമ്പസിൽ കടന്ന് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. 

ദേശീയ വനിതാ കമ്മീഷൻ ഇന്ന് കോളേജിൽ എത്തി അന്വേഷണം നടത്തി. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. കോളേജിന് മുന്നിൽ വിദ്യാർഥിനികൾ പ്രതിഷേധിക്കുന്നുണ്ട്. അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഒന്നും ചെയ്തില്ലെന്ന് ആരോപണം

അക്രമികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ ലോക്സഭയിൽ മറുപടി നൽകി. കോൺഗ്രസ് അംഗങ്ങളാണ് വിഷയം ലോക്സഭയിൽ ഉന്നയിച്ചത്. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രാജ്യസഭയിൽ ശൂന്യവേളയിൽ നോട്ടീസ് നൽകി. പൊലീസ് കോളേജിൽ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 

ഇതിന് പിന്നാലെയാണ് ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മെയിൽവാൾ കോളേജിൽ എത്തി വിദ്യാർഥികളെ കണ്ടത്. ദില്ലി പൊലീസിനും കോളേജ് അധികൃതർക്കും എതിരെ ആഞ്ഞടിച്ചാണ് ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മെയിൽവാൾ പ്രതികരിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസം ആയിട്ടും പൊലീസും പ്രിൻസിപ്പാളും എന്താണ് ചെയ്തതെന്ന് സ്വാതി മെയിൽവാൾ ചോദിച്ചു. സംഭവത്തിൽ വിശദീകരണം തേടി ദില്ലി പൊലീസിനും കോളേജ് അധികൃതർക്കും വനിത കമ്മീഷൻ നോട്ടീസ് അയച്ചു.

Follow Us:
Download App:
  • android
  • ios