ദില്ലി: ഗാര്‍ഗി വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍  ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണസംഘം ഇതിനോടകം നിരവധിപ്പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. 11 ടീമുകളായി തിരിഞ്ഞാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന കോളേജ് ഫെസ്റ്റിവലിന് ഇടയിലാണ് ദില്ലിയിലെ പ്രമുഖ വനിതാ കോളേജില്‍ വിദ്യാര്‍ഥിനികളെ വ്യാപകമായി അപമാനിച്ചതായി പരാതി ഉയര്‍ന്നത്. മദ്യപിച്ച് ലക്കുകെട്ട പുരുഷന്മാര്‍ ക്യാംപസിനകത്ത് എത്തി പെണ്‍കുട്ടികളെ കടന്നുപിടിച്ചതായും ബാത്ത്റൂമുകളില്‍ അടച്ചിട്ടതായും പെണ്‍കുട്ടികളെ പിന്നാലെ നടന്ന് ശല്യം ചെയ്തതായും ഗാര്‍ഗി കോളേജ് വിദ്യാര്‍ഥിനി പരാതിപ്പെട്ടിരുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പൊലീസ് കേസെടുത്തത്. കോളേജ് അധികൃതരുടെ പരാതിയിലായിരുന്നു കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 452,354,509,34 അനുസരിച്ചാണ് പൊലീസ് കേസെടുത്തത്.ഗാര്‍ഗി കോളേജിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ച്  രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ വനിതാ കമ്മീഷൻ ഇന്ന് കോളേജിൽ എത്തി അന്വേഷണം നടത്തി. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ വിശദമാക്കിയത്. 

അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഒന്നും ചെയ്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ പാർലമെന്റിൽ ഉറപ്പുനൽകിയിരുന്നു. സംഭവത്തിൽ ദില്ലി പൊലീസിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയര്‍ന്നത്. ലോക്സഭയിൽ കോൺഗ്രസും രാജ്യസഭയിൽ എഎപിയും വിഷയം ഉന്നയിച്ചു. ദില്ലി പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി ദില്ലി വനിതാ കമ്മിഷനും രംഗത്തെത്തിയിരുന്നു.

രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ദില്ലി പൊലീസ് കോളേജിൽ എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മെയിൽവാൾ കോളേജിൽ എത്തി വിദ്യാർഥികളെ കണ്ടിരുന്നു. ദില്ലി പൊലീസിനും കോളേജ് അധികൃതർക്കും എതിരെ ആഞ്ഞടിച്ചാണ് ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മെയിൽവാൾ പ്രതികരിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസം ആയിട്ടും പൊലീസും പ്രിൻസിപ്പാളും എന്താണ് ചെയ്തതെന്ന് സ്വാതി മെയിൽവാൾ ചോദിച്ചിരുന്നു. സംഭവത്തിൽ വിശദീകരണം തേടി ദില്ലി പൊലീസിനും കോളേജ് അധികൃതർക്കും വനിത കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.