ആവശ്യത്തിന് കോടതികളില്ല, സംസ്ഥാനത്ത് പോക്സോ, സ്ത്രീപീഡന കേസുകളിൽ വിചാരണ വൈകുന്നു

By Web TeamFirst Published Nov 21, 2021, 10:49 AM IST
Highlights

സംസ്ഥാനത്ത് സ്ത്രീപീഡന കേസുകളും പോക്സോ കേസുകളും വർദ്ധിക്കുമ്പോഴും വിചാരണ പൂർത്തിയാക്കാൻ വേണ്ടത്ര കോടതികളില്ലാത്തത് തിരിച്ചടിയാകുന്നു. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ചതിൽ 28 കോടതികള്‍ ഇനിയും തുടങ്ങിയില്ല. നവംബർ ഒന്നിന് 28 കോടതികളും പ്രവർത്തനം തുടങ്ങാനായിരുന്നു ഉന്നതയോഗത്തിലെ തീരുമാനം. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീപീഡന കേസുകളും (Rape case) പോക്സോ കേസുകളും (POCSO) വർദ്ധിക്കുമ്പോഴും വിചാരണ പൂർത്തിയാക്കാൻ വേണ്ടത്ര കോടതികളില്ലാത്തത് (courts) തിരിച്ചടിയാകുന്നു. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ചതിൽ 28 കോടതികള്‍ ഇനിയും തുടങ്ങിയില്ല. നവംബർ ഒന്നിന് 28 കോടതികളും പ്രവർത്തനം തുടങ്ങാനായിരുന്നു ഉന്നതയോഗത്തിലെ തീരുമാനം. 

രാജ്യത്ത് സ്ത്രീപീഡന- പോക്സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടും സമയബന്ധിതമായി വിചാരണ നടപടികള്‍ പൂർത്തിയാകുന്നില്ല. ആവശ്യത്തിന് കോടതികള്‍ ഇല്ലാത്തതും കേസുകളുടെ ബാഹുല്യമാണ് ഇരകള്‍ക്ക് സമയബന്ധിതമായി നീതി ലഭിക്കാത്തിന് കാരണം. ഇതേ തുടർന്നാണ് കേന്ദ്രസർക്കാർ സ്ത്രീ പീഡന- പോക്സോ കേസുകളിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ രണ്ടു വർഷത്തേക്ക് താൽക്കാലിക കോടതികള്‍ അനുവദിച്ചത്. 

കോടതി പ്രവർത്തനങ്ങളുടെ അറുപത് ശതമാനം ചെലവ് കേന്ദ്രവും നാൽപത് ശതമാനം സംസ്ഥാനവും വഹിക്കണം. ഈ പാക്കേജിൽ കേരളത്തിന് 56 കോടതികളാണ് രണ്ടു വ‍ഷം മുമ്പ് അനുവദിച്ചത്. ഇതിൽ 28 കോടതികള്‍ മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. പ്രവ‍ത്തനം തുടങ്ങിയതിൽ 14 കോടതികള്‍ പോക്സോ കേസുകള്‍ മാത്രം പരിഗണിക്കുന്നവയാണ്. പത്തു വർഷത്തിന് മുമ്പുവരെ സമർപ്പിച്ച കുറ്റപത്രങ്ങളിൽ ഈ താൽക്കാലിക കോടതികള്‍ വന്ന ശേഷമാണ് വിധികള്‍വരുന്നത്. 

28 കോടതികളിലായി 7226 പോക്സോ കേസുകളും, 1882 ഗാർഹകി പീഡനകേസുകളും, 5698 സ്ത്രീധനപീഡന കേസുകളുമാണ് പരിഗണിക്കുന്നത്. ഇനി ആരംഭിക്കാനുള്ള 28 കോടതികള്‍ കൂടി പ്രവ‍ർത്തനം തുടങ്ങിയാൽ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളിലും തീർപ്പുണ്ടാകും. 

ഇരകള്‍ നീതിയും ലഭിക്കും. 28 കോടതികളും നവംബർ ഒന്നു മുതൽ തുടങ്ങുമെന്നായിരുന്നു ഹൈക്കോടതി രജിസ്ട്രാററും ആഭ്യന്തര സെക്രട്ടറും ഉല്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനം.  പക്ഷെ കോടതികള്‍ ഇതേവരെ തുടങ്ങിയില്ല. നടപകടിള്‍ പുരോഗമിക്കുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയും കോടതികളുടെ പ്രവർത്തനങ്ങള്‍ തുടങ്ങുന്നതിലെ കാലതമാസത്തിന് കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.

click me!