സ്റ്റേഷനിൽ തള്ളിക്കയറി, പൊലീസുകാരെ തള്ളിമാറ്റി, അസഭ്യം പറഞ്ഞു, സിപിഎമ്മുകാർക്കെതിരെ കേസില്ല

By Web TeamFirst Published Nov 7, 2022, 11:43 PM IST
Highlights

അരീക്കോട് പൊലീസ് സ്റ്റേഷനില്‍ തള്ളിക്കയറി കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സിപിഎമ്മുകാര്‍ക്കെതിരെ മൂന്ന് ദിവസമായിട്ടും കേസെടുക്കാത്തതില്‍ പ്രതിഷേധം. 

മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷനില്‍ തള്ളിക്കയറി കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സിപിഎമ്മുകാര്‍ക്കെതിരെ മൂന്ന് ദിവസമായിട്ടും കേസെടുക്കാത്തതില്‍ പ്രതിഷേധം. കോളേജ് സമരവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐക്കാരെ വിട്ടയപ്പിക്കാനായിരുന്നു സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനികത്തേക്ക് തള്ളിക്കയറിയത്. പൊലീസുകാരെ തള്ളിമാറ്റി അസഭ്യം പറയുന്ന ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ കാവന്നൂര്‍ എംഎഒ കോളേജില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്ഐക്കാരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടാനാണ് അരീക്കോട് സ്റ്റേഷനിലേക്ക് സിപിഎമ്മുകാര്‍ ഇരച്ചെത്തിയത്. നിരപരാധികളായ കുട്ടികളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു എന്നായിരുന്നു ആരോപണം.

അരമണിക്കൂറോളം സ്റ്റേഷനികത്ത് ബഹളമുണ്ടാക്കിയ പ്രവര്‍ത്തകര്‍ പൊലീസുകാരെ തള്ളിമാറ്റുന്നതും അസഭ്യം പറയുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.  മുന്‍ പൊലീസ് ഉദ്യോഗസ്ഥനും ഏരിയ സെക്രട്ടറിയുമായ ഭാസ്കരന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയത്. കസ്റ്റഡിയിലെടുത്ത എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുത്ത പൊലീസ് പിന്നീട് വിട്ടയച്ചു.

സിപിഎമ്മുകാര്‍ പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ ചെറുവിരലനക്കിയിട്ടില്ല. ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ പൊലീസ് മടിക്കുന്നത്. പ്രാദേശിക ലീഗ് നേതൃത്വം എസ്പിക്ക് പരാതി നല്‍കിയിട്ട് രണ്ട് ദിവസമായി.

Read more:  എംബിബിഎസ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടി, റഷ്യയിൽ നിന്ന് ചെന്നൈയിലെത്തിയ പ്രതിയെ പൊലീസ് പൊക്കി

വിദ്യാര്‍ത്ഥിനിയെ സ്കൂളിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം, അധ്യാപകന്‍ പിടിയില്‍

വാഴക്കാട് എന്‍ എസ് എസ് പരിപാടിക്കെന്ന വ്യാജേന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപകന്‍ വാഴയൂര്‍ ആക്കോട് സ്വദേശി നസീറാണ് പിടിയിലായത്. ഒളിവില്‍പ്പോയ അധ്യപകനെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായാറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.  എന്‍ എസ് എസിന്‍റെ ചുമതലയുള്ള ഹയര്‍സെക്കന്‍ററി അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെയും രണ്ട് ആണ്‍കുട്ടികളെയും അവധി ദിവസം സ്കൂളിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ആണ്‍കുട്ടികളെ പിന്നീട് പറഞ്ഞയച്ചതിന് ശേഷം പെണ്‍കുട്ടിയെ ഉപദ്രവിച്ചു. ഇക്കാര്യം പിന്നീട്  പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. 

click me!