
കോട്ടയം: കോട്ടയം വടവാതൂരില്‍ വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂണിറ്റ് എക്സൈസ് കണ്ടെത്തി. ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം വില വരുന്ന പുകയില ഉല്‍പന്നങ്ങളും പന്ത്രണ്ട് കുപ്പി വിദേശ മദ്യവും ഇവിടെ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
ചാക്ക് കണക്കിന് പുകയില ഉല്‍പന്നങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍ പായ്ക്ക് ചെയ്യാനായി തയാറാക്കിയ കവറുകള്‍, ഒപ്പം പായ്ക്കിങ്ങിനായി പ്രത്യേക യന്ത്രവും. ഏതാണ്ടൊരു ചെറുകിട വ്യവസായ സംരംഭം പോലെയായിരുന്നു പുകയില പാക്കിംഗ് യൂണിറ്റിന്‍റെ പ്രവര്‍ത്തനം. വടവാതൂർ തേമ്പ്രവാൽക്കടവ് ശാസ്ത്രാ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ രണ്ടാഴ്ചയായി നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നെന്നാണ് എക്സൈസ് കണ്ടെത്തല്‍. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു ഇന്നത്തെ റെയ്ഡും അറസ്റ്റും.
അഞ്ഞൂറ് കിലോ പുകയില ഉല്‍പന്നങ്ങളും പന്ത്രണ്ട് കുപ്പി വിദേശ മദ്യവും ആണ് കണ്ടെടുത്തത്. പുകയില ഉല്‍പന്നങ്ങള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച ശേഷം പായ്ക്ക് ചെയ്ത് ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു രീതി. വടവാതൂര്‍ സ്വദേശിയായ അരുണ്‍ കുമാറാണ് അറസ്റ്റിലായത്. മറ്റ് രണ്ട് പേര്‍ കൂടി സംഘത്തില്‍ ഉണ്ടായിരുന്നെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Also Read: കണ്ടെത്തിയത് 50,000 പാക്കറ്റ് ഹാന്‍സ്; തീരദേശത്തെ ഹാൻസ് രാജാവ് കുടുങ്ങി, പിടിച്ചെടുത്തത് 20 ചാക്ക്
രണ്ട് മാസം മുമ്പ് കോട്ടയം കുറുവിലങ്ങാട്ടും സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പുകയില ഉല്‍പന്ന യൂണിറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്. എക്സൈസ് കമ്മീഷണർ സ്ക്വാഡും, എക്സൈസ് ഇന്‍റ്ലിജൻസും, പാമ്പാടി എക്സൈസ് റേഞ്ചും, കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് ഇന്ന് പരിശോധന നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam