Asianet News MalayalamAsianet News Malayalam

'ഓണാഘോഷത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ്'; പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് വേട്ട, അതിഥി തൊഴിലാളികള്‍ പിടിയില്‍

പശ്ചിമ ബംഗാള്‍, യുപി, ബീഹാര്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേനയാണ് സംഘം കഞ്ചാവ് എത്തിക്കുന്നത്.

migrant labours arrested with cannabis at perinthalmanna
Author
First Published Sep 4, 2022, 6:26 PM IST

പെരിന്തല്‍മണ്ണ:  മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. പെരിന്തല്‍മണ്ണ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏക്സൈസ് സംഘം നടത്തിയ  ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് കഞ്ചാവുമായി അതിഥി തൊഴിലാളികളെ പിടികൂടിയത്.  അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ അതിവാര്‍ ഷേഖ്, ബലിയാറ, സൗത്ത് 24 പര്‍ഗാനാസ്, വെസ്റ്റ് ബംഗാള്‍, (31), ഫുള്‍ ഷാദ് ഷേഖ്, രാജ്ഭട്ടി, ബര്‍ദ്വാന്‍ ഡിസ്ട്രിക്ട്, വെസ്റ്റ് ബംഗാള്‍ (43) എന്നിവരാണ് പിടിയിലായത്. 

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും സ്‌കൂള്‍ കോളേജ് കൗമാരക്കാര്‍ക്ക് ഇടയിലും വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് പെരിന്തല്‍മണ്ണ എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരിന്തല്‍മണ്ണ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. ശ്രീധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആഴ്ചകള്‍ നീണ്ട അന്വേഷണത്തില്‍ ആണ് തന്ത്രപരമായി പ്രതികളെ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍, യുപി, ബീഹാര്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേന വലിയ അളവില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് 100 രൂപ മുതല്‍ 1000 രൂപ വരെയുള്ള ചെറുപൊതികളിലാക്കി  വിദ്യാര്‍ത്ഥികളെ വരെ വലയിലാക്കി വില്‍പ്പന നടത്തുന്ന പെരിന്തല്‍മണ്ണ നഗരത്തിലെ മാഫിയ സംഘങ്ങളിലെ പ്രധാനികളാണ് പിടിയിലായവര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് പരിധിയില്‍ നിന്നും വലിയ അളവില്‍ എംഡിഎംഎ വില്‍പ്പന നടത്തിയ സംഘത്തെയും ഇതേ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന ആളുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്  ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഹരിദാസന്‍, പ്രിവന്റ് ഓഫീസര്‍ വി. കുഞ്ഞുമുഹമ്മദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെഎസ് അരുണ്‍കുമാര്‍, വി തേജസ്. , കെ അമിത്, ടി കെ രാജേഷ്, ഹബീബ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സി എ സജ്‌ന  എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More : മര്‍ദ്ദിച്ചതിന് പ്രതികാരം; പത്താംക്ലാസുകാരിയെ കുത്തിക്കൊന്നു, മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച് മുങ്ങി

Follow Us:
Download App:
  • android
  • ios