പത്തനംതിട്ട കാനറ ബാങ്ക് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു, എഫ്ഐആർ സമർപ്പിച്ചു

By Web TeamFirst Published May 20, 2021, 8:31 AM IST
Highlights

കാനറ ബാങ്കിന്റെ പത്തനംതിട്ട അബാൻ ജംഗ്ഷനിലെ ബ്രാഞ്ചിൽ ജോലി ചെയ്യുമ്പോഴാണ് പ്രതി വിജിഷ് വർഗീസ് എട്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. 

പത്തനംതിട്ട: പത്തനംതിട്ട കാനറ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. കേസിലെ പ്രതി വിജീഷ് വർഗീസിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണസംഘം കൂടുതൽ ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്യും.

കാനറ ബാങ്കിന്റെ പത്തനംതിട്ട അബാൻ ജംഗ്ഷനിലെ ബ്രാഞ്ചിൽ ജോലി ചെയ്യുമ്പോഴാണ് വിജിഷ് വർഗീസ് എട്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ഇടപാടുകരുടെ അക്കൗണ്ടുകൾ ക്ലോസ് ചെയ്തായിരുന്നു തട്ടിപ്പ്. ബാങ്ക് ഉദ്യോഗസ്ഥർക്ക് മാത്രമാറിയാവുന്ന പാസ്‍വേർഡുകൾ അട്ടിമറിച്ചതിന്റെ സാങ്കേതിക വിദ്യകളാണ് അന്വേഷണ സംഘത്തിന് ഇനി കണ്ടെത്തേണ്ടത്. ക്ലർക്കായ വിജീഷ് വർഗീസ് ഒറ്റക്കാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ പൊലീസ് ഇത് പൂർണമായും മുഖ വിലക്കെടുത്തിട്ടില്ല. ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് കണക്ക്കൂട്ടൽ. 

മൂന്ന് മാസം കൂടുമ്പോൾ പാസ്‍വേർഡുകൾ മാറ്റുന്നതാണ് രീതി. പക്ഷെ ഇത് കൃത്യമായി നടന്നിട്ടില്ലെന്നാണ് വിവരം. ഇത് പ്രതിക്ക് തട്ടിപ്പ് നടത്താൻ കൂടുതൽ എളുപ്പമായി. അതേസമയം, തട്ടിപ്പ് നടത്തിയ പണം എവിടെ എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിജീഷിന്റെ ഭാര്യയുടെയും ഭാര്യയുടെ അച്ഛന്റെയും പേരിലുള്ള നാല് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്ന് പ്രതി പറഞ്ഞെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ അക്കൗണ്ടുകളിൽ പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!