
കൊച്ചി : എറണാകുളം വൈറ്റില അരൂർ ദേശീയപാതയിൽ കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. നടന്ന് പോകുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ചു വീണ അദ്ദേഹത്തിന്റെ ദേഹത്തേക്ക് പിന്നാലെ വന്ന മറ്റൊരു കാർ ഇടിച്ചു കയറിയാണ് മരണമുണ്ടായത്.
നെടുമ്പാശേരിയിലും സമാനമായ മറ്റൊരു അപകടമുണ്ടായി. റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് കയറിയാണ് മരിച്ചത്. പറവൂർ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി.
വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ 10.20 ഓടെയായിരുന്നു അപകടമുണ്ടായത്. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്.
സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. ദേശീയപാത അതോറിറ്റിക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് എംഎൽഎ അൻവ൪ സാദത്ത് ആവശ്യപ്പെട്ടു. ഹാഷിമിന്‍റെ മരണത്തിൽ ദേശീയ പാത അതോരിറ്റിയെ കുറ്റപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരും. ദേശീയ പാതകളിൽ പോയി സംസ്ഥാന സർക്കാരിന് കുഴിയടക്കാനാകില്ലെന്നും കരാറുകാർക്ക് എതിരെ കേസെടുക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. അതേ സമയം, ദേശീയപാത അതോറിറ്റിയെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും കുറ്റപ്പെടുത്തി വിഡി സതീശൻ രംഗത്തെത്തി. റോഡ് നന്നാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ ആവശ്യപ്പെട്ടു.
read more വൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാര്‍ തമ്മിലടി; കത്തികൊണ്ടുള്ള ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്
read more മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി, ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ