Asianet News MalayalamAsianet News Malayalam

ദേശീയപാതാ വികസനം 2025-ൽ പൂർത്തിയാവും, കഴക്കൂട്ടം മേൽപ്പാലം കേരളപ്പിറവിക്ക് മുൻപ് തുറക്കും: മന്ത്രി റിയാസ്

ഈഞ്ചക്കൽ ഫ്ളൈഓവർ 2024ൽ പൂർത്തിയാക്കും. അടുത്ത മാർച്ചിൽ ഫ്ളൈ ഓവറിൻ്റെ പണി തുടങ്ങും

Kazhakkoottam Fly over will open before keralapiravi day
Author
കഴക്കൂട്ടം, First Published Aug 6, 2022, 12:31 PM IST

തിരുവനന്തപുരം: 2025 - ഓടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണ പുരോഗതി പരിശോധിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിയാസ്.

എല്ലാം ജില്ലകളിലേയും പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിക്കാനാണ് തീരുമാനമെന്നും തിരുവനന്തപുരം ജില്ലയിൽ തുടങ്ങിയ മറ്റു ജില്ലകളിലും നേരിട്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 
 
കേരളത്തിലെ ഏറ്റവും വലിയ ഫ്ളൈ ഓവറായ കഴക്കൂട്ടം പാലം കേരളപ്പിറവിയോട് അനുബന്ധിച്ച് തുറക്കും. മുക്കോല - തമിഴ്നാട് ദേശീയപാതയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. മുക്കോല മുതൽ തമിഴ്നാട് അതിർത്തി വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തും. ഈഞ്ചക്കൽ ഫ്ളൈഓവർ 2024ൽ പൂർത്തിയാക്കും. അടുത്ത മാർച്ചിൽ ഫ്ളൈ ഓവറിൻ്റെ പണി തുടങ്ങും. തിരുവല്ലം പാതയിൽ അപകടങ്ങൾ തുടർച്ചയായി നടക്കുന്ന ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രശനം ഉള്ള ഇടങ്ങളിൽ അപകടങ്ങൾ കുറയ്ക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും.ബൈക്ക് റേസിംഗ് അപകടങ്ങൾ നടന്ന സ്ഥലങ്ങളിലും പണി ഉടൻ പൂർത്തിയാക്കും. 

നെടുമ്പാശ്ശേരി അപകടം: ദേശീയ പാതാ അതോറിറ്റിക്കെതിരെ മന്ത്രി റിയാസ്

കൊച്ചി: നെടുമ്പാശേരിയിൽ റോഡിൽ കുഴിയിൽ വീണ ബൈക്ക് യാത്രികൻ വണ്ടിയിടിച്ച് മരിച്ച സംഭവത്തിൽ ദേശീയ പാതാ അതോറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ ദേശീയപാതാ അതോറിറ്റിക്ക് പറ്റുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള റോഡിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ സാധിക്കില്ല. എന്നാൽ ഈ വിഷയത്തെ വളരെ ഗൌരവത്തോടെ കാണുമെന്നും കർശന നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മന്ത്രിയുടെ വാക്കുകൾ - 

ഏതു വകുപ്പിൻ്റെ റോഡായാലും ഏത് സർക്കാരിൻ്റെ റോഡായാലും അപകടമുണ്ടാവാൻ പാടില്ല. കേരളത്തിൽ മൂന്ന് ലക്ഷം റോഡുണ്ട് അതിലൊന്നും കുഴിയോ അപകടങ്ങളോ ഉണ്ടാവാൻ പാടില്ല.  കേരളത്തിലെ 1781 കിലോമീറ്റർ റോഡ് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയിട്ടുള്ളതാണ്. കേരളത്തിൽ ഏറ്റവും തിരക്കുള്ള റോഡുകൾ കൂടിയാണിത്. ഇതിൽ പലതിലും എൻ.എച്ച്.എ.ഐ ടോൾ പിരിക്കുന്നുണ്ട്. ഇപ്പോൾ അപകടമുണ്ടായ റോഡും ആ തരത്തിലുള്ളതാണ്.

ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ പ്രശ്നമുണ്ടായാൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് പോയി ഇടപെടാൻ ആവില്ല. ഫിഷറീസ് വകുപ്പിൻ്റെ റോഡിൽ പ്രശ്നമുണ്ടായാൽ അത്  ദേശീയപാതാ അതോറിറ്റി വകുപ്പ് വന്ന് നന്നാക്കില്ല,തദ്ദേശസ്വയംഭരണവകുപ്പിൻ്റെ റോഡ് കേടായാൽ അവിടെ പൊതുമരാമത്ത് വകുപ്പും ഇടപെടില്ല. ഒരോ വകുപ്പിൻ്റെ കീഴിലും വരുന്ന റോഡുകൾ സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമാണ് എന്നു ഉറപ്പു വരുത്തേണ്ടത് ആ വകുപ്പ് തന്നെയാണ്. 

പൊതുമരാമത്ത് വകുപ്പ് കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും നമ്പറുകൾ സഹിതം പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ചപ്പോൾ വലിയ മാറ്റമാണ് ആ റോഡുകളിൽ ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യാൻ ദേശീയ പാതാ അതോറിറ്റിക്ക് എന്തു കൊണ്ടു പറ്റുന്നില്ല. വ്യക്തമായ ഭരണഘടനാ സംവിധാനങ്ങൾ ഒരു രാജ്യത്ത് കേന്ദ്രസർക്കാരിന് കീഴിലുള്ള വകുപ്പിൽ പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ നിയമപരമായ പ്രശ്നങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കർശനമായി ഇടപെടാൻ തന്നെയാണ്ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കും. ഇതിനുള്ള നിർദ്ദേശം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. 

കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ എത്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ഞങ്ങൾ നടപടിയെടുത്തു. ഇങ്ങനെ നടപടിയെടുത്തവരുടെ പട്ടികയെടുത്താൽ ഒരു സംസ്ഥാന സമ്മേളനം വിളിക്കാനുള്ള ആളെ കിട്ടും. എന്തു കൊണ്ട് നിരുത്തരവാദിത്തപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ദേശീയ പാതാ അതോറിറ്റി നടപടിയെടുക്കുന്നില്ല. എറണാകുളം - തൃശ്ശൂർ പാതയിലെ റോഡുകൾ, ആലപ്പുഴയിൽ ഹരിപ്പാട് ഭാഗത്തെ ദേശീയപാത ഇവിടെയെല്ലാം അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് പലവട്ടം ഞങ്ങൾ ദേശീയപാതാ അതോറിറ്റിക്ക് കത്തയച്ചതാണ്. ഇവിടെയെല്ലാം കരാറുകാരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പേരുകൾ ബോർഡിൽ എഴുതി വയ്ക്കാൻ ദേശീയ പാതാ അതോറിറ്റി തയ്യാറാവണം. ജനം അറിയട്ടെ റോഡിലൊരു കുഴി വന്നാൽ ആരാണ് അത് അടയ്ക്കേണ്ടത്. 

Follow Us:
Download App:
  • android
  • ios