കൊച്ചി: അമ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്താനായി നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് സഹായം തേടിയ മകളെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ വര്‍ഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഏകദേശം 60 ലക്ഷം രൂപയാണ് വര്‍ഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്.

സാജന്‍ കേച്ചേരി എന്നയാളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഷയുടെ അവസ്ഥ ജനങ്ങളിലേക്ക് എത്തിച്ചത്. എന്നാല്‍, ഇപ്പോള്‍ സഹായിച്ചവര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് വര്‍ഷ ഫേസ്ബുക്ക് ലൈവിലൂടെ വര്‍ഷ പറഞ്ഞു. സാജന്‍ കേച്ചേരി എന്ന പേര് എടുത്ത് പറഞ്ഞാണ് വര്‍ഷ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഇപ്പോള്‍ ഒരുപാട് പേര്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. രക്ഷകന്‍റെ രൂപത്തില്‍ വന്നയാള്‍ ഇപ്പോള്‍ കാലന്‍റെ രൂപത്തില്‍ ആയിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് ജീവനോടെ തിരിച്ച് പോകാമെന്ന് പോലും കരുതുന്നില്ലെന്നും വര്‍ഷ വീഡിയോയില്‍ പറയുന്നു. അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നാണ് ഭീഷണിപ്പെടുത്തുന്നവരുടെ ആവശ്യം.

പക്ഷേ, അമ്മയുടെ ചികിത്സാ ആവശ്യത്തിന് മൂന്ന് മാസം ഇനിയും കൊച്ചിയില്‍ തുടരണമെന്ന് വര്‍ഷ പറയുന്നു. ആദ്യ ചെക്കപ്പ് പോലും കഴിയാത്ത അവസ്ഥയായതിനാല്‍ ബാക്കി വരുന്ന പണം മൂന്ന് മാസം കഴിഞ്ഞ് നല്‍കാമെന്ന് പറഞ്ഞിട്ടും ഭീഷണിപ്പെടുത്തുന്നവര്‍ സമ്മതിക്കുന്നില്ലെന്ന് വര്‍ഷ പറഞ്ഞു.

'നന്മയുള്ള കേരളം'; അമ്മയുടെ ശസ്ത്രക്രിയ നടത്താനായി നെഞ്ചുപൊട്ടി കരഞ്ഞ മകള്‍ക്ക് സഹായപ്രവാഹം

അക്കൗണ്ടിലുള്ള പണം തനിക്ക് കൂടെ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് മാറ്റണമെന്ന് സാജന്‍ കേച്ചേരി പറഞ്ഞു. അമ്മയുടെ ചികിത്സ നടക്കുന്ന ആശുപത്രിയില്‍ തന്നെ ഗോപിക എന്ന കുട്ടിക്കായി സഹായം ചെയ്തിരുന്നു. ആ കുട്ടി ഇപ്പോള്‍ സുഖംപ്രാപിച്ച് വരികയാണെന്നും വര്‍ഷ പറഞ്ഞു. പണം ഇപ്പോള്‍ നല്‍കാനാവില്ലെന്ന് അറിയിച്ച വര്‍ഷയ്ക്കെതിരെ സാജന്‍ കേച്ചേരി വീഡിയോ ചെയ്തിരുന്നു.