പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ വര്‍ഷയ്ക്ക് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍. വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്, അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയാണ് കണ്ണൂര്‍ തളിപ്പറമ്പുകാരിയായ വര്‍ഷയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ ചെയ്തിരിക്കുന്നത്. 

'നന്മയുള്ള കേരളം'; അമ്മയുടെ ശസ്ത്രക്രിയ നടത്താനായി നെഞ്ചുപൊട്ടി കരഞ്ഞ മകള്‍ക്ക് സഹായപ്രവാഹം

നേരത്തെ അമ്മയുടെ ശസ്ത്രക്രിയ നടത്താനായി സമൂഹമാധ്യമങ്ങളില്‍ സഹായം തേടിയ തളിപ്പറമ്പ് സ്വദേശിനിയായ വര്‍ഷയെ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ സഹായിച്ചിരുന്നു. എന്നാല്‍ സഹായിച്ചവര്‍ തന്നെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വര്‍ഷ വെളിപ്പെടുത്തിയിരുന്നു.  

 

ഒരുപാട് പേര്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. രക്ഷകന്‍റെ രൂപത്തില്‍ വന്നയാള്‍ ഇപ്പോള്‍ കാലന്‍റെ രൂപത്തില്‍ ആയിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് ജീവനോടെ തിരിച്ച് പോകാമെന്ന് പോലും കരുതുന്നില്ലെന്നും വര്‍ഷ വീഡിയോയില്‍ പറയുന്നു. അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നാണ് ഭീഷണിപ്പെടുത്തുന്നവരുടെ ആവശ്യമെന്നുമായിരുന്നു വര്‍ഷ വ്യക്തമാക്കിയത്. വര്‍ഷയുടെ ആരോപണം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും എറണാകുളം ഡിസിപി ജി പൂങ്കുഴലി വര്‍ഷയുടെ മൊഴിയെടുക്കുകയും ചെയ്തതോടെയാണ് പിന്തുണയുമായി ഫിറോസ് കുന്നംപറമ്പില്‍ എത്തിയത്. 

പണത്തെച്ചൊല്ലി സഹായിച്ചവരുടെ ഭീഷണി; പൊട്ടിക്കരഞ്ഞ് വര്‍ഷ

ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയോളമാണ് പെണ്‍കുട്ടിയുടെ അക്കൌണ്ടിലെത്തിയത്. ചികിത്സയ്ക്കായി ആവശ്യമുള്ള 30ലക്ഷം രൂപ അല്ലാതുള്ള തുക തനിക്ക് കൂടി കൈകാര്യം ചെയ്യാന്‍ പറ്റുന്ന അക്കൌണ്ടിലേക്ക് മാറ്റണമെന്നായിരുന്നു സാജന്‍ കേച്ചേരി എന്നയാള്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു വര്‍ഷം ആരോപിച്ചത്. സാജന്‍ കേച്ചേരി എന്നയാളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഷയുടെ അവസ്ഥ ജനങ്ങളിലേക്ക് എത്തിച്ചത്.  അമ്മയുടെ ചികിത്സാ ആവശ്യത്തിന് മൂന്ന് മാസം ഇനിയും കൊച്ചിയില്‍ തുടരണമെന്ന് വര്‍ഷ പറയുന്നു. ആദ്യ ചെക്കപ്പ് പോലും കഴിയാത്ത അവസ്ഥയായതിനാല്‍ ബാക്കി വരുന്ന പണം മൂന്ന് മാസം കഴിഞ്ഞ് നല്‍കാമെന്ന് പറഞ്ഞിട്ടും ഭീഷണിപ്പെടുത്തുന്നവര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു വര്‍ഷ പറഞ്ഞത്.

 

ആ പെൺകുട്ടിയെ ഉപയോഗിച്ച് സോഷ്യൽ മീഡിയ ചാരിറ്റിയെ തകർക്കാന്‍ ശ്രമിക്കുകയാണ് ചിലരെന്നും ആ പെൺകുട്ടി ഇവരുടെ വലയിൽ കുടുങ്ങിപ്പോയിയെന്നും ഫിറോസ് പറയുന്നു. 21 വയസ്സ് മാത്രമുള്ള പെൺകുട്ടിയാണ്. അവളെ സഹായിക്കാൻ ആരുമില്ല എന്ന് ആ കുട്ടി പറഞ്ഞതിന്റെ ചുരുക്കം സാമ്പത്തികമായി സഹായിക്കാൻ ആരുമില്ല എന്നാണ്. വർഷ ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നിൽ ചില ആളുകളുടെ ഗൂഢാലോചനയാണ്. പലരും അവളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.