വയോധികന്‍റെ മരണത്തില്‍ ദുരൂഹത: നാട്ടുകാരുടെ സംശയത്തിന് പിന്നാലെ കേസെടുത്ത് പൊലീസ്

By Web TeamFirst Published Dec 23, 2022, 10:33 PM IST
Highlights

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ചിന്നന്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വ്യാഴാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടത്താനിരിക്കെ പരിസരവാസികള്‍ മരണത്തില്‍ ദുരൂഹതയുള്ളതായി സംശയം പ്രകടിപ്പിക്കുകയായിരുന്നു. 

കല്‍പ്പറ്റ: ആദിവാസി വയോധികന്റെ മരണത്തില്‍ ഉയര്‍ന്ന ദുരൂഹതക്ക് പിന്നാലെ കേസെടുത്ത് പൊലീസ്. പരിസരവാസികളുടെയും നാട്ടുകാരുടെയും സംശയത്തെത്തുടര്‍ന്ന് മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പനമരം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ പരക്കുനി കോളനിയിലെ ചിന്നന്‍റെ (60) മരണത്തില്‍ ആണ് പൊലീസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ചിന്നന്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വ്യാഴാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടത്താനിരിക്കെ പരിസരവാസികള്‍ മരണത്തില്‍ ദുരൂഹതയുള്ളതായി സംശയം പ്രകടിപ്പിക്കുകയായിരുന്നു. 

ഇതോടെ പനമരം പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. വയറു വേദനയെത്തുടര്‍ന്നാണ് ചിന്നനെ ചൊവ്വാഴ്ച രാവിലെ പനമരം സി.എച്ച്.സി യില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ ചിന്നനും മകളുടെ ഭര്‍ത്താവ് അയ്യപ്പനും തമ്മില്‍ ചില പ്രശ്‌നള്‍ ഉണ്ടായതായി പരിസരവാസികള്‍ പറയുന്നുണ്ട്. 

ഇതിനിടെ ചിന്നന് മര്‍ദ്ദനമേറ്റിരിക്കാം എന്ന സംശയമാണ് പരിസരവാസികള്‍ ഉന്നയിച്ചത്. അതിനിടെ ആശുപത്രി അധികൃതര്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടിട്ടും കൂടെ ഉണ്ടായിരുന്ന ബന്ധുക്കള്‍ വിസമ്മതം അറിയിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാതെയായിരുന്നു കൊണ്ടുവന്നത്. ഇതാണ് ദുരൂഹതക്കിടയാക്കിയത്. ചിന്നന്റെ ഭാര്യ: പരേതയായ കണക്കി. മക്കള്‍: ശശി, ശോഭ, ബിജു, സിജു, പരേതരായ ബിന്ദു, സജീവ്. മരുമക്കള്‍: കാര്‍ത്തിക, അയ്യപ്പന്‍, സുധി.

Read More : ബോധം കെടല്‍ നാടകം, തിരക്കിനിടയില്‍ നൈസായി മാല പൊട്ടിക്കും; മൂന്നംഗ സംഘത്തെ പൊക്കി പൊലീസ്

click me!