കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും. കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. പോപ്പുലർ ഫിനാൻസ് കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത 1368 കേസുകളും സിബിഐ ഏറ്റെടുക്കും. കേസ് സിബിഐയ്ക്ക് വിട്ട് കഴിഞ്ഞ സെപ്റ്റംബർ 24ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിനായി പ്രത്യേക സംഘത്തെയും സിബിഐ രൂപീകരിക്കും. വിപുലമായ നിക്ഷേപത്തട്ടിപ്പ് നടന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘമില്ലാതെ കഴിയില്ല. പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി സംസ്ഥാന പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്.
രണ്ടായിരം കോടി രൂപയിൽ അധികം വരുന്ന തട്ടിപ്പിന്‍റെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നായിരുന്നു തുടക്കം മുതൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട്. ഇതേ ആവശ്യം ഉന്നയിച്ച് നിരവധി നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചതോടെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലും സിബിഐ അന്വേഷണത്തിന് പച്ചക്കൊടി കാട്ടി. സെപ്റ്റംബർ 16-ാം തീയതി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുമൻ ചക്രവർത്തി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ച വിവിരവും കേടതിയെ അറിയിച്ചിരുന്നു.
കേസ് പരിഗണിച്ച കോടതി തട്ടിപ്പിൽ നിക്ഷേപകർക്ക് അനുകൂലമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസ് സിബിഐ ഏറ്റെടുത്താൽ മുമ്പ് ഇത്തരം സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയ തെളിവുകൾ വരും ദിവസങ്ങളിൽ സിബിഐക്ക് കൈമാറും. കേസിൽ സ്ഥാപന ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് എന്നിവരും മക്കളും ഡയറക്ടർ ബോർഡ് അംഗങ്ങളുമായ റിനു മറിയം റേബ മേരി, റിയ ആൻ എന്നിവരുമാണ് കേസിലെ പ്രധാനപ്രതികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam