കോഴിക്കോട്: പൊന്നാമറ്റത്തെ ഗൃഹനാഥൻ ടോം തോമസിന്‍റെ സ്വത്ത് മുഴുവൻ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിനെക്കുറിച്ച് കൂടത്തായി വില്ലേജ് ഓഫീസിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കാണാനില്ല. ഇത് മുക്കിയതിൽ അന്ന് ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ജയശ്രീയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. വസ്തുവിന്‍റെ നികുതിയടച്ച് രശീതി നൽകിയതടക്കം പല തട്ടിപ്പുകൾക്കും കൂട്ടു നിന്നത് ജയശ്രീയാണ് എന്നാണ് ജോളി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ജയശ്രീയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബാലുശ്ശേരിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.

അതേസമയം, ഇത് പൊലീസ് പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എസ് സാംബശിവറാവു വ്യക്തമാക്കി. പൊലീസ് റിപ്പോർട്ട് വിശദമായി പരിശോധിച്ച് ജയശ്രീയ്ക്ക് എതിരെ നടപടിയെടുക്കണോ എന്ന കാര്യം തീരുമാനിക്കും. ഇപ്പോൾ തഹസിൽദാർ പദവിയിലാണ് ജയശ്രീ ജോലി ചെയ്യുന്നത്. 

അന്വേഷണ വിവരം സംബന്ധിച്ച് റൂറൽ എസ്‍പി കെ ജി സൈമണുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും, റവന്യൂ വകുപ്പ് ഒസ്യത്ത് തട്ടിപ്പ് നടത്തിയതിൽ പ്രാഥമിക അന്വേഷണം നടന്ന് കഴിഞ്ഞെന്നും എസ് സാംബശിവറാവു വ്യക്തമാക്കി. ജയശ്രീയ്ക്ക് എതിരെ നടപടി വരുമെന്നതിന്‍റെ വ്യക്തമായ സൂചനയാണിത്. 

ജയശ്രീയും ജോളിയും തമ്മിൽ നല്ല ബന്ധമായിരുന്നെന്ന് ജയശ്രീയുടെ വീട്ടുജോലിക്കാരിയടക്കം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. തഹസില്‍ദാരുടെ വീട്ടില്‍ തനിക്ക് ജോലി ശരിയാക്കി നല്‍കിയത് ജോളിയെന്ന് വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞ‌ു. തഹസില്‍ദാരുടെ വീട്ടില്‍ ജോളി വന്നിരുന്നതായും ലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജോളിക്കായി വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ച പേരില്‍ അന്വേഷണം നേരിടുന്ന തഹസില്‍ദാര്‍ ജയശ്രീയുടെ വീട്ടില്‍ കഴിഞ്ഞ അ‍ഞ്ച് വര്‍ഷമായി ജോലി ചെയ്യുകയാണ് ലക്ഷ്മി. അതിന് മുമ്പ് ജോളിയുടെ വീട്ടിലും ജോലിക്ക് പോയിരുന്നു. തനിക്ക് തഹസില്‍ദാരുടെ വീട്ടില്‍ ജോലി ശരിയാക്കാന്‍ സഹായിച്ചത് ജോളിയെന്ന് ലക്ഷ്മി പറയുന്നു.

''ജോളിയാണ് എന്നെ അവിടെ ജോലിയ്ക്ക് ആക്കിത്തന്നത്. രണ്ട് വീടുകളും തമ്മിൽ വലിയ ദൂരമൊന്നുമില്ല, അടുത്തടുത്തായിരുന്നു. അതുകൊണ്ട്, അവിടെ പോയി ജോലി ചെയ്തതാ'', ലക്ഷ്മി പറഞ്ഞു.

ജോളിയും തഹസില്‍ദാര്‍ ജയശ്രീയും തമ്മില്‍ നല്ല ബന്ധമായിരുന്നെന്നും തഹസില്‍ദാരുടെ ഗൃഹപ്രവേശനചടങ്ങിലുള്‍പ്പെടെ ജോളി എത്തിയിരുന്നെന്നും ലക്ഷ്മി പറഞ്ഞു. അയല്‍വാസികളോടെല്ലാം ജോളി ഏറെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്ന് ലക്ഷ്മിയുടെ ഭര്‍ത്താവ് ഗോപാലനും പറയുന്നു.

''കൂടത്തായിയിലുള്ളവരോടൊക്കെ വളരെ സ്നേഹത്തോടെയാണ് ജോളി പെരുമാറിയിരുന്നത്. ആർക്കും ഒരു കുറ്റവും പറയാനില്ല. പിന്നെ പൊലീസ് വന്ന് അറസ്റ്റ് ചെയ്തപ്പഴാണ് ഇത്തരക്കാരിയാണെന്ന് മനസ്സിലായത്'', എന്ന് ഗോപാലൻ.