കോഴിക്കോട്: തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തഹസില്‍ദാരുടെ വീട്ടില്‍ തനിക്ക് ജോലി ശരിയാക്കി നല്‍കിയത് ജോളിയെന്ന് വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞ‌ു. തഹസില്‍ദാരുടെ വീട്ടില്‍ ജോളി വന്നിരുന്നതായും ലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജോളിക്കായി വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ച പേരില്‍ അന്വേഷണം നേരിടുന്ന തഹസില്‍ദാര്‍ ജയശ്രീയുടെ വീട്ടില്‍ കഴിഞ്ഞ അ‍ഞ്ച് വര്‍ഷമായി ജോലി ചെയ്യുകയാണ് ലക്ഷ്മി. അതിന് മുമ്പ് ജോളിയുടെ വീട്ടിലും ജോലിക്ക് പോയിരുന്നു. തനിക്ക് തഹസില്‍ദാരുടെ വീട്ടില്‍ ജോലി ശരിയാക്കാന്‍ സഹായിച്ചത് ജോളിയെന്ന് ലക്ഷ്മി പറയുന്നു.

''ജോളിയാണ് എന്നെ അവിടെ ജോലിയ്ക്ക് ആക്കിത്തന്നത്. രണ്ട് വീടുകളും തമ്മിൽ വലിയ ദൂരമൊന്നുമില്ല, അടുത്തടുത്തായിരുന്നു. അതുകൊണ്ട്, അവിടെ പോയി ജോലി ചെയ്തതാ'', ലക്ഷ്മി പറഞ്ഞു.

ജോളിയും തഹസില്‍ദാര്‍ ജയശ്രീയും തമ്മില്‍ നല്ല ബന്ധമായിരുന്നെന്നും തഹസില്‍ദാരുടെ ഗൃഹപ്രവേശനചടങ്ങിലുള്‍പ്പെടെ ജോളി എത്തിയിരുന്നെന്നും ലക്ഷ്മി പറഞ്ഞു. അയല്‍വാസികളോടെല്ലാം ജോളി ഏറെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്ന് ലക്ഷ്മിയുടെ ഭര്‍ത്താവ് ഗോപാലനും പറയുന്നു.

''കൂടത്തായിയിലുള്ളവരോടൊക്കെ വളരെ സ്നേഹത്തോടെയാണ് ജോളി പെരുമാറിയിരുന്നത്. ആർക്കും ഒരു കുറ്റവും പറയാനില്ല. പിന്നെ പൊലീസ് വന്ന് അറസ്റ്റ് ചെയ്തപ്പഴാണ് ഇത്തരക്കാരിയാണെന്ന് മനസ്സിലായത്'', എന്ന് ഗോപാലൻ.

വിവാദത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തഹസില്‍ദാര്‍ ജയശ്രീ തയ്യാറായിട്ടില്ല. തഹസിൽദാർ ജയശ്രീ കൂടി അറിഞ്ഞുകൊണ്ടാണ് വ്യാജ ഒസ്യത്തിന്‍റെ അടിസ്ഥാനത്തിൽ റോയ് തോമസിന്‍റെ അച്ഛൻ ടോം തോമസിന്‍റെ സ്ഥലത്തിന്‍റെ വസ്തുവിന്‍റെ നികുതി അടച്ച രശീതിയടക്കം സ്വന്തമാക്കിയതെന്നാണ് പൊലീസിന് ജോളി നൽകിയിരിക്കുന്ന മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ബാലുശ്ശേരിയിലെ വീട്ടിലെത്തി രണ്ട് തവണ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. 

ജയശ്രീയുടെ കുഞ്ഞിനെയും കൊല്ലാൻ ശ്രമം

ആറ് കൊലപാതകങ്ങൾക്ക് പുറമേ, രണ്ട് പെൺകുട്ടികളെക്കൂടി ജോളി കൊല്ലാൻ ശ്രമിച്ചിരുന്നെന്നാണ് ഇന്നലെ റൂറൽ എസ് പി കെ ജി സൈമൺ വ്യക്തമാക്കിയത്. അത് ആരായിരുന്നുവെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞില്ലെങ്കിലും, ഈ രണ്ട് കുട്ടികളുടെയും അമ്മമാർ പരാതി നൽകിയിട്ടുണ്ടെന്നും, ശക്തമായ സംശയം അവർക്ക് ജോളിയ്ക്ക് മേലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച വിവരമനുസരിച്ച് ജയശ്രീയുടെ മകളെയും ആദ്യഭർത്താവ് റോയ് തോമസിന്‍റെ സഹോദരി റെഞ്ചിയുടെ മകളെയുമാണ് ജോളി കൊല്ലാൻ നോക്കിയത്. എന്നാൽ പദ്ധതികൾ പാളിപ്പോവുകയായിരുന്നു. 

ഈ ഘട്ടത്തിൽ പൊലീസ് പിടികൂടിയതുകൊണ്ടാണ് കൊലപാതക പരമ്പര ഇവിടെ അവസാനിച്ചതെന്നും, അതല്ലെങ്കിൽ ഇനിയും തുടർന്നേനെ എന്നും റൂറൽ എസ് പി ചൊവ്വാഴ്ച പറഞ്ഞിരുന്നു. ''സ്ഥിതി അതീവഗുരുതരമാണ്. സീരിയസ്സായ കേസ് തന്നെയാണിത്. തെളിവുകളോരോന്നായി, എടുത്ത് കൃത്യമായി പരിശോധിച്ച് സ്ഥാപിക്കേണ്ടതുണ്ട്'', അദ്ദേഹം വ്യക്തമാക്കി.

മരിച്ചുപോയ കോൺഗ്രസ് നേതാവ് രാമകൃഷ്ണന്‍റെ മരണത്തിലും ജോളിയ്ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി മകൻ രോഹിത് റൂറൽ എസ്‍പിയ്ക്ക് പരാതി നൽകിയിരുന്നു. ജോളി സ്ഥിരമായി സന്ദർശിച്ചിരുന്ന ബ്യൂട്ടി പാർലർ ഉടമ സുലേഖയുമായും അടക്കം നല്ല ബന്ധമുണ്ടായിരുന്നു രാമകൃഷ്ണനും കുടുംബത്തിനും. രാമകൃഷ്ണന്‍റെ പാരമ്പര്യസ്വത്ത് വിറ്റ 55 ലക്ഷം രൂപ എവിടെയെന്നറിയില്ലെന്നും മക്കൾക്ക് ആർക്കും അത് കിട്ടിയിട്ടില്ലെന്നും അത് ജോളി തട്ടിയെടുത്തോ എന്ന് സംശയിക്കുന്നുണ്ടെന്നുമാണ് രോഹിത് പരാതി നൽകിയിരിക്കുന്നത്.