സ്റ്റേഷന് തൊട്ടടുത്ത ക്ഷേത്രത്തില്‍ മോഷണം; മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്

By Web TeamFirst Published Apr 24, 2021, 2:20 AM IST
Highlights

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച ദിവസം തന്നെയാണ് കുളത്തൂപ്പുഴ ആനക്കൂട് ശിവക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്. സിസിടിവി തകര്‍ത്ത ശേഷമായിരുന്നു മോഷ്ടാവ് ക്ഷേത്ര ഓഫീസും പിന്നീട് ശ്രീകോവിലും തുറന്നത്.

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള ക്ഷേത്രത്തില്‍ മോഷണം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും മോഷ്ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്. മാസങ്ങളുടെ ഇടവേളയില്‍ ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്. സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച ദിവസം തന്നെയാണ് കുളത്തൂപ്പുഴ ആനക്കൂട് ശിവക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്.

സിസിടിവി തകര്‍ത്ത ശേഷമായിരുന്നു മോഷ്ടാവ് ക്ഷേത്ര ഓഫീസും പിന്നീട് ശ്രീകോവിലും തുറന്നത്. ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലയും മറ്റ് ആഭരണങ്ങളും അപഹരിച്ചു. പുറമേ ക്ഷേത്രത്തിലുണ്ടായിരുന്ന മുഴുവന്‍ വഞ്ചികളും കുത്തിത്തുറക്കുകയും ചെയ്തു. സ്വര്‍ണവും പണവുമായി ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അനുമാനം.

കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷന്‍റെ മതിലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആനക്കൂട് ശിവക്ഷേത്രം. തൊട്ടടുത്തു തന്നെ വനം വകുപ്പിന്‍റെ ഓഫീസും ഉണ്ട്. എന്നിട്ടും മാസങ്ങളുടെ മാത്രം ഇടവേളയില്‍ ഇത് രണ്ടാം തവണയാണ് കവര്‍ച്ച നടക്കുന്നത്. വിരലടയാള വിദഗ്ധരടക്കം എത്തി തെളിവെടുപ്പ് നടത്തിയെങ്കിലും മോഷ്ടാവിനെ കുറിച്ച് സൂചനകളൊന്നും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.

ക്ഷേത്രത്തെ കുറിച്ച് നന്നായി അറിയാവുന്ന ആരോ തന്നെയാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് അനുമാനം. ക്ഷേത്രമോഷണം പതിവാക്കിയ മേഖലയിലെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

click me!