
കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ (Murder) അജീഷ് ലഹരിമരുന്ന് അമിതമായി ഉപയോഗിച്ച് സൈക്കോ വസ്ഥയിലാണെന്ന് പൊലീസ് (Kerala Police). മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റും തമിഴ്നാട് സ്വദേശിയുമായ അയ്യപ്പനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിലെ പകയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകത്തിന് കാരണമായത്. നെടുമങ്ങാട് കല്ലിയോട് സ്വദേശിയായ അജീഷിനെ കൊലപാതക ശേഷം ഒരു കൂസലുമില്ലാതെ ആയുധം കയ്യിലുള്ള നിലയിലാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് അയ്യപ്പന്‍ കൊല്ലപ്പെട്ട വിവരം ഇയാള്‍ അറിയുന്നത്. വലിയ പൊട്ടിച്ചിരിയോടെയാണ് പൊലീസുകാരില്‍ നിന്ന് ഇയാള്‍ വിവരമറിഞ്ഞത്. താന്‍ ഇപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു ഇയാളുടെ പ്രതികരണം. ഇനി തന്നെ എല്ലാവരും പേടിക്കുമെന്നും ഇയാള്‍ പറഞ്ഞതായാണ് പൊലീസ് വിശദമാക്കുന്നത്. ചെറുപ്പത്തില്‍ തന്നെ വലിയ ഗുണ്ട ആവാനായിരുന്നു ഇയാള്‍ക്ക് താല്‍പര്യമെന്നും പൊലീസ് പറയുന്നു. ലഹരി ഉപയോഗം വര്‍ധിച്ചതോടെയാണ് ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയായത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. നേരത്തെയും പല കേസുകളിൽ ഇയാള്‍ പ്രതിയാണ്.
അയ്യപ്പനേക്കൂടാതെ മറ്റു രണ്ട് പേരെക്കൂടി കൊല ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അജീഷ്. എന്നാല്‍ തമ്പാനൂരില്‍ നിന്ന് പോകുംവഴി ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ ഈ പദ്ധതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ലഹരിയുടെ അമിതമായ ഉപയോഗം മൂലം പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാളുടെ പ്രതികരണം കൃത്യമല്ലെന്നാണ് റിപ്പോര്‍ട്ട്. തെളിവെടുപ്പിനായി എത്തിച്ചപ്പോഴും ഇയാള്‍ ഉന്മാദാവസ്ഥയിലായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് ഇയാൾ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.
എട്ടരയോടെ ബൈക്കിലെത്തിയ അക്രമി ബൈക്ക് പാർക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി. റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ തലുങ്ങും വിലങ്ങും വെട്ടി. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അക്രമത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാല് വർഷത്തോളമായി ഈ ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പൻ. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാൾ ഒൻപത് മാസം മുമ്പാണ് തിരിച്ചെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam