ചാത്തൻ സേവ പേരില്‍ തട്ടിപ്പ്: മദ്രസ അധ്യാപകന്‍റെ വീട്ടിൽ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി പിടിയിൽ

Published : Oct 16, 2022, 05:46 PM ISTUpdated : Oct 16, 2022, 05:52 PM IST
ചാത്തൻ സേവ പേരില്‍ തട്ടിപ്പ്: മദ്രസ അധ്യാപകന്‍റെ വീട്ടിൽ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി പിടിയിൽ

Synopsis

ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിലെത്തിയ പ്രതി മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന് മുങ്ങുകയായിരുന്നു.

കോഴിക്കോട്: ചാത്തന്‍സേവയുടെ പേരില്‍ മദ്രസ അധ്യാപകന്‍റെ വീട്ടിലെത്തിയ സ്വര്‍ണവും പണവും കവര്‍ന്ന് മുങ്ങിയ പ്രതി പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്. കോഴിക്കോട് വെച്ചാണ് മുഹമ്മദ് ഷാഫി പൊലീസിന്റെ പിടിയിലായത്. കളവ്, വഞ്ചന എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.

കോഴിക്കോട് പയ്യോളിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചികിത്സയുടെയും മന്ത്രവാദത്തിന്റെയും പേരിലെത്തിയ പ്രതി മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന് മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് പയ്യോളി ആവിക്കലില്‍ താമസിക്കുന്ന മദ്രസ അധ്യാപകൻ പയ്യോളി പൊലീസിൽ പരാതി നൽകിയത്. മന്ത്രവാദത്തിന്‍റെയും പച്ചമരുന്ന് ചികിത്സയുടെയും പേരില്‍ ഇയാള്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തതായാണ് വിവരം. 

നാല് മാസങ്ങൾക്ക് മുൻപ് ട്രെയിൻ യാത്രക്കിടെയാണ് മന്ത്രവാദവും പച്ചമരുന്ന് ചികിത്സയും നടത്തിവരുന്ന കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെ മദ്രസ അധ്യാപകൻ പരിചയപ്പെട്ടത്. ഒരു അപകടത്തെത്തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകളും സാമ്പത്തിക ബുദ്ധിമുട്ടികളും നേരിട്ടിരുന്ന മദ്രസ അധ്യാപകനോട്, മന്ത്രവാദത്തിലൂടെ ഐശ്വര്യം വരുമെന്നും പച്ചമരുന്നിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്നും പറഞ്ഞ് ഷാഫി വിശ്വസിപ്പിച്ചു. ഈ വിശ്വാസത്തില്‍ മദ്രസ അധ്യാപകൻ, ഷാഫിക്ക് റൂം ഏർപ്പാടാക്കിക്കൊടുക്കുകയും ചെയ്തു. നേരിട്ടും ഫോണ്‍ വഴിയും ഷാഫി പലര്‍ക്കും ചികില്‍സ നല്‍കി, പണവും കൈപ്പറ്റി. ഇതിനിടെയാണ് കഴിഞ്ഞ മാസം 22ന് ഷാഫി അധ്യാപകന്‍റെ വീട്ടില്‍ നിസ്കരിക്കാനെന്ന പേരിലെത്തി പണവും സ്വര്‍ണവും കവര്‍ന്നത്. 

പിന്നീട് അധ്യാപകന്‍റെ ഭാര്യയെ ഫോണില്‍ വിളിച്ച് അലമാരയിൽ സൂക്ഷിച്ച സ്വർണ്ണവും പണവും അവിടെയുണ്ടോ എന്ന് പരിശോധിക്കണമെന്നും ചാത്തൻ സേവയിലൂടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അലമാര രണ്ട് ദിവസം കഴിഞ്ഞേ തുറക്കാവൂ എന്നും നിര്‍ദ്ദേശിച്ചു. അലമാര തുറന്നപ്പോഴാണ് വീട് പണിയാനായി വച്ചിരുന്ന ഒന്നര ലക്ഷം രൂപയും ഏഴ് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. ഷാഫിയെ വിളിച്ചപ്പോള്‍ നഷ്ടപ്പെട്ട പണവും സ്വർണ്ണവും ചാത്തൻ സേവയിലൂടെ തന്നെ തിരികെ കിട്ടുമെന്നായിരുന്നു മറുപടി. ഇതോടെ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി അധ്യാപകനും കുടുംബത്തിനും ബോധ്യമായി. പിന്നാലെയാണ് ഇലന്തൂരിലെ നരബലിയുടെ വാര്‍ത്ത പുറത്ത് വന്നതും പൊലീസിന് പരാതി നല്‍കാന്‍ തീരുമാനിച്ചതും. ജീവന് ഭീഷണിയുളളതിനാല്‍ തന്‍റെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് അധ്യാപകന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്