ലോക്ഡൗണിലും വിശ്രമമില്ലാതെ കള്ളന്മാര്‍; കെഎസ്ഇബിയുടെ കമ്പി കടത്തുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍

By Web TeamFirst Published May 18, 2021, 11:43 AM IST
Highlights

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മീനങ്ങാടി ടൗണില്‍ പരിശോധന നടത്തുന്നതിനിടെ എത്തിയ ലോറിയുള്ളവരെ ചോദ്യം ചെയ്തതോടെയാണ് മോഷണം പുറത്തായത്. രാവിലെ ആറരയോടെ പ്രതികളെത്തിയ വാഹനം പോലീസ് തടഞ്ഞു. നിയന്ത്രണങ്ങളുള്ളതിനാല്‍ വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തൃപ്തികരമായ മറുപടിയല്ല പോലീസിന് ലഭിച്ചത്. 
 

കല്‍പ്പറ്റ: കൊവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും മോഷ്ടാക്കള്‍ക്ക് വിശ്രമമില്ല. മോഷ്ടിച്ച സാധനങ്ങള്‍ ലോറിയില്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ മൂന്നുപേര്‍ മീനങ്ങാടി പോലീസിന്റെ പിടിയിലായി. മാനന്തവാടി കണിയാരം പുഴക്കരവീട്ടില്‍ സെയ്ഫുള്ള (21), നല്ലൂര്‍നാട് പാലമുക്ക് കാനായി വീട്ടില്‍ റാസിക് (19), എടവക കാരക്കുനി കീന വീട്ടില്‍ ജാബിര്‍ (24) എന്നിവരാണ് പിടിയിലായത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മീനങ്ങാടി ടൗണില്‍ പരിശോധന നടത്തുന്നതിനിടെ എത്തിയ ലോറിയുള്ളവരെ ചോദ്യം ചെയ്തതോടെയാണ് മോഷണം പുറത്തായത്. രാവിലെ ആറരയോടെ പ്രതികളെത്തിയ വാഹനം പോലീസ് തടഞ്ഞു. നിയന്ത്രണങ്ങളുള്ളതിനാല്‍ വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തൃപ്തികരമായ മറുപടിയല്ല പോലീസിന് ലഭിച്ചത്. 

തുടര്‍ന്ന് ലോറിയടക്കം കസ്റ്റഡിയിലെടുത്ത് സംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കളാണ് വാഹനത്തിലുള്ളതെന്നും മൈസൂരുവില്‍ കൊണ്ടുപോയി വില്‍പ്പന നടത്താനായിരുന്നു പദ്ധതിയെന്നും പ്രതികള്‍ വെളിപ്പെടുത്തി. മൂവരും ചേര്‍ന്ന് പനമരത്ത് നിന്ന് ഞായറാഴ്ച രാത്രി കെ.എസ്.ഇ.ബിയുടെ 480 കിലോ അലുമിനിയം കമ്പിയും കരണിയില്‍ നിന്ന് ഒമ്പത് വാര്‍പ്പ് ഷീറ്റുകളും മോഷ്ടിക്കുകയായിരുന്നു. സെയ്ഫുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. 

എന്നാല്‍ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചെങ്കിലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. സെയ്ഫുള്ളയുടെ പേരില്‍ മാനന്തവാടി സ്റ്റേഷനിലും കേസുള്ളതായി പോലീസ് അറിയിച്ചു. എസ്.ഐ. പി.ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.ഡി. മുരളീധരന്‍, പി.എ. സുരേഷ്‌കുമാര്‍, പി.എസ്. പ്രജുഷ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!