
ചെന്നൈ: തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ കഞ്ചാവും മയക്കുമരുന്ന് കൂണും വിൽപന നടത്തിയ മലയാളി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. 100 കിലോഗ്രാം കഞ്ചാവും 100 ഗ്രാം കൂണും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്.
കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന സജീവമായെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ പരിശോധന. നായിഡുപുരത്തിന് അടുത്തുള്ള പാക്കിയപുരം സ്വദേശി വേളാങ്കണ്ണി ജന്നിഫർ, തമിഴ്നാട് സ്വദേശി ആന്‍റണി രാഹുൽ, മലയാളിയായ അൽഹാസ് എന്നിവരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്.
കഞ്ചാവും മാജിക് മഷ്റൂം എന്നറിയപ്പെടുന്ന മയക്കുമരുന്നായി ഉപയോഗിക്കുന്ന കൂണുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കൊടൈകനാലിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണിവയെന്ന് പ്രതികൾ മൊഴി നൽകി. വാഹനത്തിൽ വനിതകളുണ്ടെങ്കിൽ പൊലീസ് കാര്യമായ പരിശോധന നടത്തില്ല എന്ന നിഗമനത്തിലാണ് സംഘത്തിൽ സ്ത്രീയേയും ഉൾപ്പെടുത്തിയത്.
ഇവർക്ക് ലഹരിവസ്തുക്കൾ എത്തിച്ചുനൽകിയവരേയും വാങ്ങാനായി ഇവരോട് സമ്പർക്കം പുലർത്തിയിരുന്നവരേയും തെരയുകയാണെന്ന് കൊടൈക്കനാൽ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം, തമിഴ്നാട് കോയമ്പത്തൂരിൽ കോടതിയിൽ ഹാജരാകാനെത്തിയ പ്രതിയെ അക്രമി സംഘം വെട്ടിക്കൊന്നു. കോയമ്പത്തൂർ കീരനാട് സ്വദേശി ഗോകുൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി ശരവണംപട്ടി ശിവാനന്ദപുരം സ്വദേശി മനോജിനും വെട്ടേറ്റു. കഞ്ചാവ് കേസടക്കം വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ ഗോകുലും മനോജും കോയമ്പത്തൂർ ജില്ലാ കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് അക്രമി സംഘം ആയുധങ്ങളുമായി ചാടിവീണത്.
കോഴിക്കോട് ചെറുവണ്ണൂർ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിൻ്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ച് കയറി വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച കേസിലെ മുഖ്യപ്രതി ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ സുൽത്താൻ നൂർ, (22വയസ്സ്) കത്തിക്കാനായി നിർദ്ദേശം കൊടുത്ത ചെറുവണ്ണൂർ കണ്ണാട്ടികുളം ഊട്ടുകളത്തിൽ സജിത്ത് (34വയസ്സ്) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.