തൊണ്ടിവാഹനങ്ങൾ കത്തിയമർന്നു: ലോറി, കാർ, പിക്കപ്പ് വാൻ അടക്കം സകല തൊണ്ടിവാഹനങ്ങളും കത്തിനശിച്ചു, കുറ്റിപ്പുറം പോലീസ് പിടികൂടിയ വാഹനങ്ങളാണ് നശിച്ചത്
മലപ്പുറം: കുറ്റിപ്പുറം പോലീസ് പിടികൂടിയ തൊണ്ടി വാഹനങ്ങൾ കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തൊണ്ടി വാഹനങ്ങൾ കൂട്ടിയിടുന്ന മൈതാനത്ത് വൻ തീപ്പിടിത്തമുണ്ടായത്. വിവിധ കേസുകളിൽ കുറ്റിപ്പുറം പൊലീസ് പിടികൂടിയ ഇരുനൂറോളം തൊണ്ടിവാഹങ്ങളാണ് കത്തിനശിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പിടികൂടിയ വാഹനങ്ങളാണ് കുറ്റിപ്പുറത്ത് കത്തിച്ചാമ്പലായത്.
ഭാരതപ്പുഴയിലെ മണൽ കടത്തിനിടെ മാത്രം പിടികൂടിയ നൂറുകണക്കിന് വാഹനങ്ങൾ കുറ്റിപ്പുറം കുളക്കാട് ചെറ്റാലിക്കുന്ന് റോഡിൽ പിടിച്ചിട്ടിരുന്നു. മണൽ കടത്തിന് പുറമെ മറ്റ് കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങളും ഇവക്കൊപ്പമുണ്ട്. ഈ വാഹനങ്ങൾ കൂട്ടിയിട്ട ഭാഗങ്ങളിലാണ് തീപ്പടർന്നത്. അഗ്‌നിബാധയിൽ നിരവധി വാഹനങ്ങളാണ് കത്തി നശിച്ചത്.
പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്. തുടർച്ചയായി രണ്ടമത്തെ തവണയാണ് വാഹനങ്ങൾക്ക് തീപ്പടരുന്നത്. ജനവാസ കേന്ദ്രങ്ങളിൽ വാഹനങ്ങൾ കൂട്ടിയിടുന്നതും ഇവക്ക് തുടർച്ചയായി തീപ്പിടിക്കുന്നതും പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. നേരത്തെ ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന തൊണ്ടി വാഹനങ്ങളും കത്തി നശിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ആ വാഹനങ്ങളെല്ലാം ഇവിടെ നിന്നും ലേലം ചെയ്തിരുന്നു.
അതേസമയം, കോഴിക്കോട് ചെറുവണ്ണൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത് ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി സുൽത്താൻ നൂറുമായി സജിത്ത് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വാഹനങ്ങൾ കത്തിച്ച ചെറുവണ്ണൂർ സുൽത്താൻ നൂർ നേരത്തെ അറസ്റ്റിലായിരുന്നു.
കോഴിക്കോട് ചെറുവണ്ണൂർ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിൻ്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ച് കയറി വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച കേസിലെ മുഖ്യപ്രതി ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ സുൽത്താൻ നൂർ, (22വയസ്സ്) കത്തിക്കാനായി നിർദ്ദേശം കൊടുത്ത ചെറുവണ്ണൂർ കണ്ണാട്ടികുളം ഊട്ടുകളത്തിൽ സജിത്ത് (34വയസ്സ്) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
