
ചെന്നൈ: ക്രിമിനൽ സംഘാഗംങ്ങൾക്കൊപ്പം നിരവധി ഇൻസ്റ്റഗ്രാം റീലുകൾ പോസ്റ്റ് ചെയ്ത യുവതിയെ തമിഴ്നാട് പൊലീസ് തെരയുന്നു. മുമ്പ് കഞ്ചാവ് കേസിലും തട്ടിപ്പുകേസിലും ഉൾപ്പെട്ടിട്ടുള്ള വിനോദിനി എന്ന പെൺകുട്ടി മാരകായുധങ്ങളുമായാണ് ഇൻസ്റ്റഗ്രാമിൽ റീലുകൾ പോസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഇവരെ പിടികൂടാൻ കോയമ്പത്തൂർ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
ഫാൻസ് കോൾ മീ തമന്ന എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്നാണ് വിനോദിനി റീലുകൾ പോസ്റ്റ് ചെയ്യുന്നത്. കഠാരയും കൊടുവാളുമൊക്കെ പിടിച്ചുനിൽക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിലെ പല കുപ്രസിദ്ധ ഗുണ്ടകളും ഈ ഇരുപത്തിമൂന്നുകാരിയുടെ സുഹൃത്തുക്കളാണ്. കാമരാജപുരം ഗൗതം എന്ന ഗുണ്ടയുടെ സംഘാംഗങ്ങൾക്ക് ഒപ്പമാണ് പല വീഡിയോകളുമെന്നും പൊലീസ് കണ്ടെത്തി.
ഗുണ്ടാസംഘങ്ങൾക്കിടയിലെ കുടിപ്പക വളർത്തുന്ന തരം പോസ്റ്റുകളാണ് തമന്ന എന്ന് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്ന വിനോദിനി പോസ്റ്റ് ചെയ്തതെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണർ ബാലകൃഷ്ണൻ പറഞ്ഞു. എതിർ ഗാംഗിനെ ഭീഷണിപ്പെടുത്തുന്നവയാണ് പല റീലുകളും. 2021 ൽ വിനോദിനിയെ കഞ്ചാവ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമ്പന്നരായ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്.
വിരുദുനഗർ സ്വദേശിയായ വിനോദിനി നഴ്സിംഗ് ഡിപ്ലോമ പഠനത്തിന് ശേഷമാണ് ഗുണ്ടാ ഗാംഗുകളുമായി പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സൂര്യപ്രസാദ് എന്ന ക്രിമിനൽ വഴിയാണ് വിനോദിനി ഗുണ്ടാസംഘങ്ങളുമായി പരിചയപ്പെടുന്നത്. ഇവർ ഒളിവിൽ പോയിരിക്കുയാണെന്നും കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും കമ്മീഷണർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഇത്തരത്തിൽ റീലുകൾ ഇടുന്നവർ നിരീക്ഷണത്തിലാണ് എന്നും അദ്ദേഹം വ്യക്തമാക്കി.