
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലളിത് പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ലളിത്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിനെ നടുക്കിയ സംഭവം നടന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആയ തിലക് ധാരി സരോജിനെ ആണ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചത്.
നാലംഗ സംഘം പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിവരുത്തിയത്. ബന്ധുവിനൊപ്പമെത്തിയ കുട്ടിയെ മൊഴിയെടുക്കാന്‍ മുറിയിലേക്ക് കൊണ്ടുപോയി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിലായ എസ്എച്ച്ഒ തിലക് ധാരി സരോജിനെ സസ്പെന്‍ഡ് ചെയ്തു.പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസമയം സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.
പൊലീസ് സ്റ്റേഷനില്‍ തന്നെ അതിജീവിതയ്ക്ക് നേരിടേണ്ട പീഡനത്തെപ്പറ്റി ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ച ബന്ധുവായ സ്ത്രീക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
ബുൾഡോസറുകളുടെ ശബ്ദത്തിൽ യഥാർത്ഥ ക്രമസമാധാന പരിഷ്കരണങ്ങൾ എങ്ങനെ അടിച്ചമർത്തപ്പെടുന്നുവെന്ന് ബലാത്സംഗ സംഭവം കാണിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. പൊലീസ് സ്‌റ്റേഷനുകൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലെങ്കിൽ, പരാതികൾ നല്‍കാനായി അവർ പിന്നെ എവിടേക്ക് പോകും,' അവർ ട്വീറ്റിൽ ചോദിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam