ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് രക്ഷപ്പെട്ടു; ഹെല്‍മറ്റില്‍ നിന്നും പൊലീസ് കഞ്ചാവ് കണ്ടെത്തി

By Web TeamFirst Published Nov 12, 2022, 2:40 PM IST
Highlights

ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളിലെയും യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീണു. ഇതോടെ ബിബിൻ ബൈക്കും ഹെൽമെറ്റും ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. 


തൊടുപുഴ:  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന്‍റെ ഹെൽമെറ്റിൽ നിന്ന് പൊലീസ് 4.5 ഗ്രാം കഞ്ചാവ് കണ്ടെത്തി. എന്നാല്‍ അപകടത്തിൽ പരിക്കേറ്റ യുവാവ് പൊലീസിനെ വെട്ടിച്ച് കടന്നു. വ്യാഴാഴ്ച വൈകീട്ട് 5.15-ഓടെ കാരുപ്പാറയിലെ സ്വകാര്യ ഗ്യാസ് എജൻസിക്ക് മുമ്പിലാണ് അപകടം നടന്നത്. പൂച്ചപ്ര ചുള്ളിമ്യാലിൽ ബിബിൻ ബാബു (23) വിന്‍റെ ഹെൽമെറ്റിനുള്ളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ആഡംബര ബൈക്ക് എതിരേ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളിലെയും യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീണു. ഇതോടെ ബിബിൻ ബൈക്കും ഹെൽമെറ്റും ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ബിബിൻ ധരിച്ചിരുന്ന ഹെൽമെറ്റിൽ നിന്നു കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ബിബിനും കുടുംബവും മണക്കാട് അങ്കംവെട്ടിക്ക് സമീപമാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. പൊലീസ് ഇവിടെയെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ബിബിൻ ഓടിച്ചിരുന്ന ആഡംബര ബൈക്ക് ഇയാളുടെ സുഹൃത്തിന്‍റെയാണെന്ന് കണ്ടെത്തി. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

click me!