ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; ഒരു ദിവസം തന്നെ കയറിയത് അഞ്ച് ക്ഷേത്രങ്ങളില്‍, അറസ്റ്റ് 

Published : Oct 21, 2022, 02:18 AM IST
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; ഒരു ദിവസം തന്നെ കയറിയത് അഞ്ച് ക്ഷേത്രങ്ങളില്‍, അറസ്റ്റ് 

Synopsis

 കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ഇന്നലെ ചില്ലറ മാറാനെത്തിയ സജീഷിനെ സ്‌പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ സംശയം തോന്നി നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. സാധാരണ ഒരാളുടെ കൈവശം കാണാന്‍ ഇടയുള്ളതിലുമധികം ചില്ലറകളുമായാണ് ഇയാള്‍ കംഫര്‍ട്ട് സ്റ്റേഷനിലെത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അഞ്ഞൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി കട്ടപ്പനയിൽ പിടിയിലായി. മലപ്പുറം കാലടി കൊട്ടരപ്പാട്ട് സജീഷ് ആണ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം,തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500 ല്‍ അധികം ക്ഷേത്രങ്ങളിലാണ് സജീഷ് മോഷണം നടത്തിയത്. കോഴിക്കോട് ഒരു ദിവസം തന്നെ അഞ്ച് ക്ഷേത്രങ്ങളിൽ വരെ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ 20 വര്‍ഷത്തോളമായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തി വരുകയായിരുന്നു. ക്ഷേത്രത്തിന് സമീപ പ്രദേശത്തു നിന്ന് ബൈക്കുകള്‍ മോഷ്ടിക്കുകയും അവ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻറ്, റെയില്‍വേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പാര്‍ക്ക് ചെയ്ത ശേഷം താക്കോല്‍ കൈവശം വയ്ക്കും. ഈ മേഖലയിലെ ക്ഷേത്രങ്ങളിൽ വീണ്ടും മോഷണം നടത്താൻ എത്തുമ്പോൾ ഈ ബൈക്കുകളാണ് ഉപയോഗിക്കുക. മോഷണ ശേഷം കിട്ടുന്ന പണവുമായി മുങ്ങുന്ന ഇയാൾ ഇടുക്കി കുമളിയില്‍ സ്വകാര്യ ലോഡ്ജില്‍ താമസിക്കുന്നത് പതിവായിരുന്നു.

ഇങ്ങനെ  മോഷണ ശേഷം കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ഇന്നലെ ചില്ലറ മാറാനെത്തിയ സജീഷിനെ സ്‌പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ സംശയം തോന്നി നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് നിരവധി ക്ഷേത്ര മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. സാധാരണ ഒരാളുടെ കൈവശം കാണാന്‍ ഇടയുള്ളതിലുമധികം ചില്ലറകളുമായാണ് ഇയാള്‍ കംഫര്‍ട്ട് സ്റ്റേഷനിലെത്തിയത്. ഇയാളുടെ പക്കല്‍ നിന്നും ക്ഷേത്രങ്ങളിൽ നിന്ന് മോഷണം നടത്തികിട്ടിയ ചില്ലറ പൈസകളും മോഷ്ടിച്ച വാഹനങ്ങളുടേതെന്ന് കരുതുന്ന താക്കോലുകളും കണ്ടെടുത്തു.

നിരവധി വാഹന മോഷണക്കേസുകളിലും സജീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2022 ജൂലൈ 17ന് മോഷണക്കേസില്‍ പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി ഇതിനു ശേഷം മാത്രം 30ലധികം അമ്പലങ്ങളില്‍ കവർച്ച നടത്തിയിട്ടുണ്ട്. പിടികൂടിയ സമയത്ത് പ്രതിയുടെ കൈവശം എടപ്പാൾ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തില്‍ നിന്നും ഭണ്ഡാരം പൊട്ടിച്ച ചില്ലറയും നോട്ടുകളും അഞ്ചു ബൈക്കുകളുടെ താക്കോലും കുമളിയിലെ ആഡംബര റിസോര്‍ട്ടിൽ പണം അടച്ചതിന്റെ രസീതും കണ്ടെടുത്തു. സ്വകാര്യ ആയുര്‍വേദ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവ് ആണെന്ന പേരിലാണ് ലോഡ്ജില്‍ താമസിച്ചിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ