
ബിഗ് ബോസ് മലയാളം സീസൺ 7 അൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ മത്സരം മുറുകിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന വീക്കന്റ് എവിക്ഷനിൽ റെന ഫാത്തിമയാണ് പുറത്തായിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു 19 വയസുകാരിയായ റെന. ഇനി അൻപത് ദിവസങ്ങൾ കൂടി അവശേഷിക്കുമ്പോൾ ആരൊക്കെയായിരിക്കും ആദ്യ പത്തിൽ വരുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലേക്ക് പുതിയ അതിഥികൾ എത്തിയിരിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫ്, ആസിഫ് അലി, അപർണ ബാലമുരളി, അർജുൻ ശ്യാം എന്നിവരാണ് വീട്ടിലെത്തിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മിറാഷിന്റെ പ്രചരണാർത്ഥമാണ് എല്ലാവരും എത്തിയിരിക്കുന്നത്. മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയാണ് അർജുൻ ശ്യാം. ബിഗ് ബോസിലൂടെയായിരുന്നു അർജുന് മിറാഷിലേക്ക് അവസരം ലഭിച്ചത്. ചിത്രത്തിൻറെ ട്രെയ്‌ലർ ബിഗ് ബോസ് വീട്ടിൽ പ്രദർശിപ്പിക്കുകയും, തുടർന്ന് മത്സരാർത്ഥികൾ സിനിമയുടെ കഥ തങ്ങൾക്ക് മനസിലായ രീതിയിൽ പറയുക എന്നതുമാണ് ഇന്നത്തെ ടാസ്ക്.
ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' സെപ്റ്റംബർ 19 നാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻനിർത്തിക്കൊണ്ട് ജീത്തു ഒരുക്കുന്ന ഈ ചിത്രം ഒരു പസിൽ ഗെയിം ആയാണ് ഒരുക്കിയിരിക്കുന്നത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസും,ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എക്സ്പിരിമെന്റ്സ് അവതരിപ്പിക്കുന്ന മിറാഷ് എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
അപർണ ആർ തറക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണമെഴുതുന്നു. കൂമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു ജോസഫ്- ആസിഫ് അലി എന്നിവർ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കിഷ്കിന്താ കാണ്ഡം എന്ന ചിത്രത്തിലാണ് അവസാനമായി ഹിറ്റ് കോംബോ ആയ അപർണയും -ആസിഫും ഒരുമിച്ചത്. ജിത്തു ജോസഫ് എന്ന ഹിറ്റ് മേക്കറിന്റെ കയ്യൊപ്പും കൂടിയാകുമ്പോൾ മിറാഷ് എന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്.
ഗാനരചന-വിനായക് ശശികുമാർ,സംഗീതം-വിഷ്ണു ശ്യാം,എഡിറ്റർ-വി.എസ്. വിനായക്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-കത്തീന ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ-പ്രശാന്ത് മാധവ്,കോസ്റ്റ്യൂം ഡിസൈനർ- ലിന്റാ ജീത്തു,മേക്കപ്പ്-അമൽ ചന്ദ്രൻ, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് രാമചന്ദ്രൻ, വി.എഫ്.എക്സ് സൂപ്പർവൈസർ-ടോണി മാഗ്മിത്ത്, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്സ്, അഡ്വർടൈസിങ്-ബ്രിങ്ഫോർത്ത്, പി. ആർ. ഓ -ആതിരാ ദിൽജിത്ത്,മാർക്കറ്റിംഗ്-ടിങ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ