അവസാന ആഴ്ചയിൽ നൂറ കൊടുക്കേണ്ടിവന്നത് കനത്ത വിലയോ?

Published : Nov 09, 2025, 06:50 PM IST
noora

Synopsis

ഫൈനൽ ഫൈവ് ഉറപ്പിച്ചിടത്തുനിന്ന് ഫിനാലെ വേദി കാണാതെ നൂറ മടങ്ങിയിരിക്കുന്നു. ടിക്കറ്റ് ടു ഫിനാലെയിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച് ഒന്നാമതെത്തിയിട്ടും ഫൈനൽ ഫൈവിലെത്താനാകാതെ എവിക്റ്റ് ആകേണ്ടിവന്ന ആദ്യത്തെ ആളും നൂറയാണ്...

ഫൈനൽ ഫൈവ് ഉറപ്പിച്ചിടത്തുനിന്ന് ഫിനാലെ വേദി കാണാതെ നൂറ മടങ്ങിയിരിക്കുന്നു. ടിക്കറ്റ് ടു ഫിനാലെയിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച് ഒന്നാമതെത്തിയിട്ടും ഫൈനൽ ഫൈവിലെത്താനാകാതെ എവിക്റ്റ് ആകേണ്ടിവന്ന ആദ്യത്തെ ആളും നൂറയാണ്... ഷോയിൽ ഇമ്പാക്ട്ഫുൾ ആയ പല കാര്യങ്ങളും ചെയ്തിട്ടും പല ടാസ്കുകളും അതിഗംഭീരമായി പൂർത്തിയാക്കിയിട്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടും ഫൈനൽ ഫൈവിൽ ഒരാളാകാനാവാതെ നൂറ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി. എവിടെയാണ് നൂറയ്ക്ക് പിഴച്ചത്?

ഒറ്റ മത്സരാർത്ഥിയായി വീട്ടിലേക്കെത്തിയ ലെസ്ബിയൻ കപ്പിൾ. അതായിരുന്നു ബിഗ് ബോസ് പ്രേക്ഷകർക്ക് ആദ്യം ആദിലയും നൂറയും. ആദ്യ ആഴ്ചയിൽ തന്നെ വീട്ടിലുള്ളവരുമായി നല്ലൊരു ബന്ധമുണ്ടാക്കാനും എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റാനും ഇരുവർക്കുമായി. പുറത്ത് ആദില ആയിരുന്നു കൂടുതൽ ആക്റ്റീവ് എങ്കിൽ വീടിനുള്ളിലേക്കെത്തിയപ്പോൾ അത് നൂറയായിരുന്നു. ആദില അധികവും നൂറയിൽ മാത്രം ഒതുങ്ങിയപ്പോൾ നൂറ കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാക്കി വീട്ടിൽ കൂടുതൽ സ്വീകാര്യത നേടിയെടുത്തു. അപ്പോഴും പക്ഷേ ഇരുവരും ഗെയ്മിൽ അത്ര ആക്റ്റീവ് ആയിരുന്നുമില്ല. അതിലൊരു മാറ്റമുണ്ടാകുന്നതും പൂമ്പാറ്റകൾ ഫയറായി മാറിയതും ആദിലയെയും നൂറയെയും രണ്ട് മത്സരാർത്ഥികളാക്കി മാറ്റിയശേഷമാണ്. അതിൽത്തന്നെ നൂറയുടെ പവർ എന്താണെന്ന് ബിഗ് ബോസ് വീടിനകത്തും പുറത്തുമുള്ളവർ കണ്ടു.

അനുമോളും ജിസേലും തമ്മിലെ പ്രശ്നത്തിൽ നെവിൻ ഇടപെടുകയും അത് പിന്നീട് നെവിനും ആദിലയും നൂറയും തമ്മിലെ പ്രശ്നമായി മാറുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി നൂറയും ആദിലയും ചേർന്ന് നെവിനെ പ്രൊവോക്ക് ചെയ്ത് ബിഗ് ബോസ് വീട്ടിൽനിന്ന് വാക്ക്ഔട്ട് ചെയ്യിച്ചു. നൂറയായിരുന്നു ഇതിൽ പ്രധാന പങ്ക് വഹിച്ചത്. അതുവരെ പൂമ്പാറ്റകൾ എന്ന വിളിപ്പേരുമായി വീട്ടിൽ പാറിനടന്നിരുന്ന ആദിലയും നൂറയും വെറുതേ പോകാൻ വന്നവരല്ലെന്ന് എല്ലാവരും തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്. നെവിൻ വീട്ടിലേക്ക് തിരിച്ചുവന്നെങ്കിലും അതോടെ ബിഗ് ബോസ് സീസൺ 7 ലെ പ്രധാന ശക്തികളായി ആദിലയും നൂറയും മാറി. വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തിയ ലക്ഷ്മി നടത്തിയ ക്വീർ വിരുദ്ധ പരാമർശവും അതിന്റെ തുടർച്ചയായുണ്ടായ വിവാദങ്ങളും ആദിലയ്ക്കും നൂറയ്ക്കും കൂടുതൽ പിന്തുണ ഉണ്ടാക്കുകയും ചെയ്തു.

ടാസ്കുകളിൽ മുഴുവൻ എഫർട്ടും ഇട്ട് കളിക്കുന്ന ആൾ കൂടിയാണ് നൂറ. ഇതും ആളുകൾക്ക് നൂറയോട് താല്പര്യമുണ്ടാകാൻ ഇടയാക്കി. ചില ആഴ്ചകളിൽ ഗ്രാഫിൽ ഇടിവുണ്ടായാൽപ്പോലും അതിനെ ബാലൻസ് ചെയ്യാനുള്ള നൂറയുടെ കഴിവും എടുത്തുതന്നെ പറയണം. ആദില- നൂറ - അനുമോൾ എന്നിവരുടെ 'പട്ട ഗേൾസ്' എന്ന ഗ്യാങ്ങും വലിയ പ്രേക്ഷക പ്രീതി സമ്പാദിച്ചിരുന്നു. മൂവരുടെയും സൗഹൃദം, പിണക്കങ്ങൾ, ഇണക്കങ്ങൾ എല്ലാം ഈ സീസണിലെ പ്രധാന കണ്ടന്റായി മാറുകയും ചെയ്തു. എപ്പോഴും പ്രശ്നമുണ്ടാക്കുന്ന ആളല്ല നൂറ, പക്ഷേ അങ്ങനെയുണ്ടായാൽ എതിരാളിയെ അടിച്ചിരുത്താനുള്ളതൊക്കെ നൂറയുടെ കയ്യിലുണ്ടാവും. അധികം അനാവശ്യ പ്രശ്നങ്ങൾ വീട്ടിലുണ്ടാക്കാത്ത, എന്നാൽ ഉണ്ടായ പ്രശ്നങ്ങളിലെല്ലാം കൃത്യമായ നിലപാടെടുത്ത സ്‌ട്രോങ് മത്സരാർത്ഥിയായിരുന്നു നൂറ. പ്രധാനപ്പെട്ട പല ടാസ്കുകളിലും ഒന്നാമതെത്തിയ നൂറ നോമിനേഷൻ ഫ്രീ അടക്കമുള്ള പല പ്രിവിലേജുകളും സ്വന്തമാക്കുകയും ചെയ്തു. ടിക്കറ്റ് ടു ഫിനാലെയിൽ ആര്യനെ പോലെ 'ടാസ്ക് എന്തൂസിയാസ്റ്റ്' ആയിട്ടുള്ള ഒരാളെ കടത്തിവെട്ടി ഒന്നാമതെത്തി ഫിനാലെ വീക്കിലേക്ക് നേരിട്ട് കയറാനായ ആളും നൂറ തന്നെ. ഇതെല്ലാം നൂറയുടെ പ്രേക്ഷക പ്രീതിയിലും വമ്പൻ കുതിച്ചുകയറ്റമുണ്ടാക്കി. ഇമോഷണലി വളരെ സ്റ്റേബിൾ ആയ വ്യക്തി കൂടിയായിരുന്ന നൂറ അങ്ങനെ ബ്രേക്ക് ഡൌൺ ആയ സാഹചര്യങ്ങളും കുറവാണ്. ആദില പലപ്പോഴും നെഗറ്റീവ് ഇമേജിലേക്ക് പോകുമ്പോഴും പങ്കാളി എന്ന നിലയിൽ അത് തന്നെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ നൂറ സ്വീകരിക്കുകയും ചെയ്തിരുന്നു. പല വിഷയങ്ങളിലും നൂറയ്ക്കും ആദിലയ്ക്കുള്ള അത്ര തന്നെ ഉത്തരവാദിത്തം ഉണ്ടായിരുന്നപ്പോഴും അതിനെ കുറേക്കൂടി പക്വമായും സബ്ട്ടിൽ ആയും ഡീൽ ചെയ്യാനുള്ള കഴിവും ഇമോഷണൽ സ്റ്റേബിലിറ്റിയും ആദിലയ്ക്ക് കിട്ടിയ ഹേറ്റ് നൂറയിലേക്ക് സ്‌പ്രെഡ്‌ ആകാതിരിക്കാനും സഹായകമായിട്ടുണ്ട്. പക്ഷേ രണ്ട് മത്സരാർത്ഥികളായിരുന്ന സമയത്തും ആദിലയും നൂറയും ഒറ്റ മത്സരാർത്ഥികളെ പോലെ പെരുമാറിയിരുന്നത് ഇരുവർക്കും അത്ര ഗുണകരമായിട്ടുമില്ല.

നൂറ ഏറെക്കുറെ ഫൈനൽ ഫൈവ് ഉറപ്പിച്ച സാഹചര്യത്തിൽ വീട്ടിലേക്കെത്തിയ മുൻ മത്സരാർത്ഥികളുടെ റീ എൻട്രിയാണ് എല്ലാ കാര്യങ്ങളും തകിടം മറിച്ചത്. ശൈത്യ, ബിൻസി, കലാഭവൻ സരിഗ, ശാരിക, ബിന്നി, അപ്പാനി ശരത് എന്നിവരും അക്ബറും ചേർന്ന് അനുവിനെതിരെ നടത്തിയ നീക്കത്തിൽ ആദിലയും നൂറയും പെട്ടുപോയി എന്നുതന്നെ പറയണം. അത്ര നാൾ അടുത്ത സുഹൃത്തായിരുന്ന അനുവിനെ ഒറ്റ ദിവസംകൊണ്ട് ആദിലയും നൂറയും തള്ളിപ്പറഞ്ഞു. എന്ന് മാത്രമല്ല, സുഹൃത്തുക്കളായിരുന്നു സമയത്ത് മൂവർക്കുമിടയിൽ നടന്ന കാര്യങ്ങൾ പോലും ആദില അനുവിനെതിരെ പ്രയോഗിക്കാനും തുടങ്ങി. ഇത് വളരെ വലിയ തോതിൽ ആദിലയെയും അതിന്റെ തുടർച്ചയായി നൂറയെയും പ്രേക്ഷകരിൽനിന്നും അകറ്റി. നൂറയ്ക്കുണ്ടായിരുന്ന പ്രേക്ഷക പിന്തുണ സാരമായി ഇടിഞ്ഞു. വിശ്വസിക്കാൻ കൊള്ളാത്ത ആളുകളെന്ന ഇമേജിലേക്ക് ആദിലയും നൂറയും മാറി. അത് നൂറയുടെ പുറത്തേക്കുള്ള വഴിയും തുറന്നു. സത്യത്തിൽ ആദിലയുടെ എടുത്തു ചാട്ടവും മുൻപിൻ ആലോചിക്കാതെയുള്ള പെരുമാറ്റവും ഒക്കെക്കൂടിയാണ് നൂറയുടെ എവിക്ഷനിലേക്കും നയിച്ചത് എന്നാണ് പറയാനാവുക. ഏതായാലും അങ്ങേയറ്റം പോസ്റ്റിവ് ഇമേജിൽ അവസാനംവരെ നിന്നിരുന്ന നൂറ പക്ഷേ തന്റെ യാത്ര അവസാനിപ്പിക്കുന്നത് അത്ര നല്ല നിലയിലല്ല എന്നുതന്നെ പറയേണ്ടിവരും.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ