
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചത്. പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉണ്ടായിരുന്ന മത്സരാർത്ഥികളെല്ലാവരും ഷോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരും ഉണ്ട്. ഷോ തുടങ്ങി മുപ്പത്തി അഞ്ചാം ദിവസം പിന്നിടാൻ ഒരുങ്ങുന്നതിനിടെ ആറ് മത്സരാർത്ഥികളാണ് ഇതിനകം എവിക്ട് ആയിപ്പോയത്. അഞ്ച് വൈൽഡ് കാർഡുകാരും കഴിഞ്ഞ ആഴ്ച ബിഗ് ബോസിനുള്ളിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലൊരാളാണ് മസ്താനി. വൈറൽ അവതാരക എന്ന നിലയിൽ ഷോയിൽ എത്തിയ മസ്താനി പക്ഷേ ബിഗ് ബോസിന്റെ റൂളുകളെല്ലാം തെറ്റിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇതിനെല്ലാം മുന്നറിയിപ്പുമായി മോഹൻലാൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.
പുറത്തുള്ള കാര്യങ്ങൾ ബിഗ് ബോസ് ഹൗസിനുള്ളിൽ പറഞ്ഞതിന് മസ്താനിയെ നിർത്തിപ്പൊരിക്കുകയാണ് മോഹൻലാൽ. വീട്ടിൽ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട് 'ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തോരു സുഖമാണെന്ന്' പറഞ്ഞോ എന്ന് ചോദിച്ചാണ് മോഹൻലാൽ മസ്താനിയെ ശകാരിക്കുന്നത്. പുറത്തെ കാര്യങ്ങൾ പറയരുതെന്ന് എത്രപ്രാവശ്യം പറഞ്ഞുവെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. പിന്നാലെ അക്ബറും മസ്താനിക്ക് എതിരെ പരാതി ഉന്നയിക്കുന്നത് ഇന്നത്തെ എപ്പിസോഡ് പ്രമോയിൽ കാണാനാകും. എല്ലാവർക്കും മസ്താനിയെ കുറിച്ച് പരാതികളുണ്ടെന്നും ശിക്ഷ ലഭിക്കുമെന്നും മോഹൻലാൽ പറഞ്ഞു. എന്ത് ശിക്ഷയാകും മസ്താനിക്ക് കരുതി വച്ചിരിക്കുന്നതെന്ന് ഇന്ന് രാത്രി 9 മണിക്ക് അറിയാനാകും.
ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു മസ്താനി ബിഗ് ബോസ് വീട്ടിലെത്തിയത്. പിന്നാലെ ഓരോരുത്തരോടും പുറത്തെ കാര്യങ്ങളും എവിക്ഷൻ വോട്ടിങ്ങിനെ പറ്റിയും പലരുടെയും വ്യക്തിപരമായ കാര്യങ്ങളുമെല്ലാം മസ്താനി ഷോയിൽ പറഞ്ഞിരുന്നു. പലപ്പോഴും ഇക്കാര്യങ്ങളൊന്നും പറയരുതെന്ന് മസ്താനിക്ക് ബിഗ് ബോസ് വാണിങ്ങും നൽകിയതാണ്. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാൻ മസ്താനി തയ്യാറായിട്ടില്ല.