
ബിഗ് ബോസ് സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഏതാനും ദിസങ്ങൾ മാത്രമാണ് ബാക്കി. ഇന്ന് വീക്കഡ് എപ്പിസോഡിന്റെ രണ്ടാമത്തെ ദിവസമാണ്. ഫാദേഴ്സ് ഡേ കൂടി ആയ ഇന്ന് മത്സരാർത്ഥികൾക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ് മോഹൻലാലും ബിഗ് ബോസും. എല്ലാ മത്സരാർത്ഥികളും അവരുടെ അച്ഛനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് മോഹൻലാൽ ടിവിയിൽ പ്രദർശിപ്പിച്ചത്. വളരെ ഇമോഷണലായിട്ടുള്ള മത്സരാർത്ഥികളെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. പിന്നാലെ ഓരോരുത്തരും അച്ഛന്മാരെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
'അച്ഛൻ ഇപ്പോ ഇല്ല. ഭയങ്കര സന്തോഷം' എന്നാണ് വിനയ് പറഞ്ഞത്. ഫോട്ടോ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നാണ് റോൺസൺ പറയുന്നത്. എന്നെ നോക്കുന്നത് വാപ്പയാണ് മിസ് ചെയ്യുന്നുവെന്നാണ് റിയാസ് പറഞ്‍ഞത്. താൻ അച്ഛൻ കുട്ടിയാണെന്നാണ് ദിൽഷ പറഞ്ഞത്. ബ്ലെസ്ലിയുടെ നേട്ടം കണ്ട് അച്ഛൻ സന്തോഷിക്കുന്നുണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞു. നന്ദി എന്നാണ് സൂരജ് അച്ഛനോട് പറഞ്ഞത്. താൻ ഇവിടെ നിൽക്കാൻ കാരണം അച്ഛനാണെന്ന് പറയുകയാണ് ധന്യ.
'അച്ഛൻ മരിക്കാതെ ഇപ്പോൾ ഒരുവർഷം ആയി. അഞ്ചോ ആറോ തവണയൊക്കയെ ഞാൻ അച്ഛനെ കണ്ടിട്ടുള്ളൂ. നിനക്ക് തെറ്റ് എന്ന് തോന്നുന്ന എല്ലാ കാര്യത്തിന് നേരെയും നി പ്രതികരിക്കണം എന്ന് അച്ഛൻ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നിലെ വ്യക്തിയെ പരുവപ്പെടുത്തുന്നതിൽ ആ വാക്കിന് വലിയ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛന്റെ പ്രാർത്ഥന ഒപ്പം ഉണ്ടാകും', എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. ഒരുകാര്യത്തോടും നോ എന്ന് പറയാത്ത ആളായിരുന്നു അച്ഛൻ. സിനിമയിൽ വരുന്ന സമയത്ത് ഞാൻ എന്താകും എന്ന് പ്രതീക്ഷയില്ലായിരുന്നു. ഡിഗ്രി എടുത്ത ശേഷം എന്റെ ഇഷ്ടത്തിലേക്ക് പോകാൻ പറഞ്ഞുവെന്ന് മോഹൻലാലും പറയുന്നു.