
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ അടുത്ത സുഹൃത്തുക്കളില്‍ എപ്പോഴും പറയപ്പെടുന്ന പേരായിരുന്നു സെറീനയും റെനീഷയും. എന്നാല്‍ സമീപകാലത്ത് അവര്‍ക്കിടയിലെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളതായി ബിഗ് ബോസ് കാണുന്ന പ്രേക്ഷകര്‍ക്ക് അറിയാം. ഫാമിലി വീക്കില്‍ എത്തിയ റെനീഷയുടെ സഹോദരന്‍ ദുബൈ ചോക്ലേറ്റ് അധികം കഴിക്കേണ്ടെന്ന് സെറീനയെ ഉദ്ദേശിച്ച് സഹോദരിയെ ഉപദേശിച്ചിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ഇരുവരും തങ്ങള്‍ക്കിടയിലുള്ള പ്രശ്നത്തെക്കുറിച്ച് പറഞ്ഞു.
ബിഗ് ബോസില്‍ വച്ച് ഉണ്ടായ നല്ല അനുഭവവും മോശം അനുഭവവും ഏതൊക്കെയെന്ന് പറയാന്‍ ഓരോരുത്തരോടും ആവശ്യപ്പെടുകയായിരുന്നു മോഹന്‍ലാല്‍. ഇക്കൂട്ടത്തിലാണ് സെറീനയുടെ കാര്യം റെനീഷ പറഞ്ഞത്. തന്നോടുള്ള സൌഹൃദത്തിന്‍റെ കാര്യത്തില്‍ സെറീന പഴയതുപോലെ അല്ലെന്ന് നിരവധി ഉദാഹരണങ്ങള്‍ നിരത്തി റെനീഷ വിശദീകരിച്ചു. മുന്‍പ് ഒരു ഗെയിമര്‍ എന്ന നിലയിലുള്ള ബിഗ് ബോസിലെ നേട്ടങ്ങളെ എപ്പോഴും സെറീന പ്രശംസിക്കാറുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും റെനീഷ പറഞ്ഞു. ദുബൈ ചോക്ലേറ്റ് അധികം കഴിക്കേണ്ടെന്നും അത് നല്ലതല്ലെന്നും അണ്ണനും അമ്മയും വന്നപ്പോള്‍ തന്നോട് പറഞ്ഞിരുന്നെന്നും അതിനുശേഷം ആലോചിച്ചപ്പോഴാണ് പഴയ കുറേ കാര്യങ്ങള്‍ തന്‍റെ മനസിലൂടെ കടന്നുപോയതെന്നും റെനീഷ പറഞ്ഞു. ശബ്ദം ഇടറിക്കൊണ്ടാണ് റെനീഷ സെറീനയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചത്.
ലാല്‍ സാറിന്‍റെ മുന്നില്‍ വച്ച് ഇങ്ങനെയാണോ സംസാരിക്കേണ്ടതെന്ന് സെറീന ചോദിച്ചപ്പോള്‍ മോഹന്‍ലാലിനോട് റെനീഷ ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീട് സെറീനയുടെ ഭാഗവും മോഹന്‍ലാല്‍ കേട്ടു. ആഴമുള്ള എന്തെങ്കിലും കാര്യങ്ങളില്‍ മാത്രമാണ് അടുത്ത സുഹൃത്തുക്കളോട് താന്‍ അഭിപ്രായവ്യത്യാസം പുലര്‍ത്താറെന്നും ചെറിയ കാര്യങ്ങള്‍ താന്‍ മനസില്‍ കൊണ്ടുനടക്കാറില്ലെന്നും സെറീന പറഞ്ഞു. തന്‍റെ സൌഹൃദത്തിന്‍റെ അടിത്തറ ഉറപ്പുള്ളതാണെന്നും സെറീന പറഞ്ഞു. എന്താണ് പറയാനുള്ളതെന്ന് മോഹന്‍ലാല്‍ ആദ്യം ചോദിച്ചപ്പോള്‍ താന്‍ ഞെട്ടലിലാണെന്നായിരുന്നു സെറീനയുടെ മറുപടി.
WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും: ബിബി ടോക്ക് കാണാം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ