Kurup Movie|പ്രീ ബുക്കിം​ഗ് ആരംഭിച്ചപ്പോഴേ 'കുറുപ്പ്' ഹൗസ്ഫുൾ; കൂടുതൽ ഷോകളുമായി തിയറ്ററുകൾ

By Web TeamFirst Published Nov 4, 2021, 3:59 PM IST
Highlights

മോഹൻലാൽ, മമ്മൂട്ടി, വിജയ് ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കൊവിഡിന് ശേഷം തിയറ്ററുകൾ എത്തുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ (Dulquer Salmaan) 'കുറുപ്പ്' (Kurup). നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കുറുപ്പിന്റെ ഓൺലൈൻ ബുക്കിം​ഗ്(online booking) ഇന്നലെ ആരംഭിച്ചിരുന്നു. ബുക്കിം​ഗ് തുടങ്ങി മണിക്കൂറുകൾക്ക് അകം നിരവധി ഷോകളാണ് ഹൗസ്ഫുള്ളായത്. അതിനാൽ തന്നെ കൂടുതൽ ഷോകൾ തിയറ്ററുകളിൽ(cinema theater) ആരംഭിച്ചിരിക്കുകയാണ്.

മോഹൻലാൽ, മമ്മൂട്ടി, വിജയ് ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കൊവിഡിന് ശേഷം തിയറ്ററുകൾ എത്തുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ന്യൂ തീയറ്ററിൽ ബുക്കിംഗ് ഹൗസ്ഫുൾ ആയതോടെ കൂടുതൽ ഷോകൾ ഉൾപ്പെടുത്തി. കൊവിഡിന് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് വലിയൊരു നേട്ടമാണെന്ന് ന്യൂ തീയറ്റർ ഉടമയും പ്രശസ്ഥ നിർമാതാവും കൂടിയായ വിശാഖ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. 

Read Also: Kurup Movie | 'സുകുമാരക്കുറുപ്പിനെ ആഘോഷിക്കില്ല, ഒടിടിയില്‍ നിന്ന് മികച്ച ഓഫര്‍ വന്നിരുന്നു'

ചിത്രത്തിന്റെ ട്രെയിലറും ഇന്നലെ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. 
ചിത്രത്തിലെ 'പകലിരവുകൾ' എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും തിയറ്ററുകളിൽ പ്രവേശനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രേക്ഷകർ എത്തുമെന്നാണ് പ്രതീക്ഷ.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.

Kurupu Trailer|'കുറുപ്പ്' കുടുങ്ങുമോ?, ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. 

നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

click me!