'മാജിക് മഷ്റൂംസ്' എന്ന പുതിയ ചിത്രത്തിന്‍റെ ടീസറിന് ബസ് യാത്രയ്ക്കിടയിലെ ലൈംഗികാതിക്രമ പരാതിയുമായുള്ള സാമ്യം ചര്‍ച്ചയായിരുന്നു
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മാജിക് മഷ്റൂംസ്. 23 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. റിലീസിന് മൂന്ന് ദിവസം മുന്‍പ് പുറത്തെത്തിയ ചിത്രത്തിന്‍റെ രണ്ടാം ടീസര്‍ ഒരു സവിശേഷ കാരണം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. സ്വകാര്യബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന വ്ലോഗറുടെ പരാതിയും പിന്നാലെ ദീപക് എന്നയാളുടെ ആത്മഹത്യയുമൊക്കെ വലിയ വാര്‍ത്തയായതിന് പിന്നാലെയായിരുന്നു ടീസര്‍. ടീസറില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ബസില്‍ ഒരു യുവതിയുടെ അടുത്ത് നില്‍ക്കുന്നതും തുടര്‍ന്ന് മറ്റൊരാളോടുള്ള ഡയലോഗും ഒക്കെയാണ് ശ്രദ്ധ നേടിയത്. വൈറല്‍ വാര്‍ത്തയ്ക്ക് പിന്നാലെ ഷൂട്ട് ചെയ്ത ടീസര്‍ ആണോ എന്നായിരുന്നു പലരുടെയും സംശയം. ഇപ്പോഴിതാ അതിന് മറുപടി പറയുകയാണ് നാദിര്‍ഷ. ഇന്‍ഡിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നാദിര്‍ഷ.
നാദിര്‍ഷ പറയുന്നു
“ചില സിനിമകളില്‍ അപ്രതീക്ഷിതമായി അങ്ങനെ സംഭവിക്കുന്നതാണ്. സിനിമയില്‍ അങ്ങനെയുള്ള സീക്വന്‍സ് ഉണ്ട്. ഷൂട്ട് കഴിഞ്ഞിട്ട് രണ്ട് മാസമായി. ഇപ്പോഴത്തെ ഇഷ്യൂസുമായി ബന്ധപ്പെട്ട ഡയലോഗുകളും കാര്യങ്ങളുമൊക്കെ നമ്മുടെ പടത്തില്‍ അവിചാരിതമായി ഉണ്ടായിരുന്നു. അത് കട്ട് ചെയ്ത് ഇട്ടതാണ്. ഇല്യൂമിനാറ്റി ആണോ എന്നൊക്കെ കമന്‍റ് വന്നിരുന്നു”, നാദിര്‍ഷ പറയുന്നു. ആദ്യം ഇറങ്ങിയ ടീസറിലും ഇതേ ഷോട്ട് ഉണ്ടായിരുന്നെന്ന് നാദിര്‍ഷയ്ക്ക് ഒപ്പമുണ്ടായിരുന്ന വിഷ്ണു ഉണ്ണികൃഷ്ണനും പറയുന്നു. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുമായി ബന്ധപ്പെട്ട സമാന അനുഭവവും നാദിര്‍ഷ ഓര്‍ക്കുന്നു. “അമര്‍ അക്ബര്‍ അന്തോണിയുടെ ക്ലൈമാക്സ് മൂന്ന്, നാല് മാസത്തിന് ശേഷം പെരുമ്പാവൂരില്‍ത്തന്നെ സംഭവിച്ചിരുന്നു. എഴുത്തുകാര്‍ എഴുതുന്നത് സംവിധായകനെന്ന നിലയില്‍ ഞാന്‍ ഷൂട്ട് ചെയ്യുന്നു എന്നല്ലേയുള്ളൂ”, നാദിര്‍ഷ പറയുന്നു.
'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.



