'പുഷ്പ 2: ദ റൂളി'ന്റെ പ്രചരണാർത്ഥം ജപ്പാനിലെത്തിയ അല്ലു അർജുന് ടോക്കിയോയിലെ ഒരു റെസ്റ്റോറന്റ് പ്രത്യേക ആദരം നൽകി.
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്‍റെ ആഗോള ജനപ്രീതി വിളിച്ചോതി ജപ്പാനിൽ നിന്നൊരു സ്പെഷ്യൽ ട്രിബ്യൂട്ട്. തന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ 2: ദ റൂളി'ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ജപ്പാനിലെത്തിയ താരത്തിന് ടോക്കിയോയിലെ ഒരു പ്രമുഖ റെസ്റ്റോറന്‍റ് അപൂർവ്വമായൊരു സർപ്രൈസ് ഒരുക്കി. അല്ലു അർജുനോടുള്ള സ്നേഹസൂചകമായി അദ്ദേഹത്തിന്‍റെ പേരിൽ ഒരു പ്രത്യേക 'സുഷി' വിഭവം തന്നെ റെസ്റ്റോറന്‍റ് അധികൃതർ ഒരുക്കുകയുണ്ടായി.
പുഷ്പ എന്ന ചിത്രത്തിലൂടെ ജപ്പാനിൽ അല്ലു അർജുനുണ്ടായ വലിയ ആരാധകവൃന്ദത്തെ ഇത് അടിവരയിടുന്നു. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കൾക്കുമൊപ്പം ജപ്പാനിലെത്തിയ താരം ദ ഐക്കൺ സ്റ്റാർ അല്ലു അർജുൻ എന്നെഴുതിയ ഈ സ്പെഷ്യൽ വിഭവം ആസ്വദിക്കുകയും റെസ്റ്റോറന്‍റ് അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഒരു ഇന്ത്യൻ താരത്തിന് ജപ്പാൻ നൽകുന്ന ഈ ആദരം സിനിമയ്ക്കും താരത്തിനും അതിരുകളില്ലാത്ത സ്നേഹമാണ് ലഭിക്കുന്നത് എന്നതിന്‍റെ തെളിവാണിത്. നിലവിൽ ജപ്പാനിലെ തിയേറ്ററുകളിൽ 'പുഷ്പ 2' വൻ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ ചിത്രത്തിലെ ഡയലോഗുകൾ അല്ലു അർജുൻ സംസാരിക്കുന്ന വീഡിയോകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭക്ഷണപ്രേമികൾക്കിടയിലും സിനിമ പ്രേമികൾക്കിടയിലും ഇപ്പോൾ ഈ 'അല്ലു അർജുൻ സുഷി' ചർച്ചാവിഷയമായിരിക്കുകയാണ്.



