'എന്നെ ഷാരൂഖുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം': ദുല്‍ഖര്‍

By Web TeamFirst Published Sep 17, 2022, 6:32 PM IST
Highlights

ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാരൂഖ് എല്ലാവര്‍ക്കും മാതൃകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

ലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകനെന്ന ലേബലിൽ സിനിമയിൽ എത്തിയ ദുൽഖറിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഇന്ന് തെന്നിന്ത്യയിലെ തന്നെ മുൻ നിര നായകന്മാർക്കൊപ്പം ദുൽഖറിന്റെ പേരും ഉയർന്ന് കേൾക്കുകയാണ്. ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഇനി പുറത്തുവരാനിരിക്കുന്നത്. ഈ അവസരത്തിൽ ഷാരൂഖ് ഖാനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. 

കുട്ടിക്കാലം മുതൽ ഷാരൂഖ് ഖാന്റെ വലിയൊരു ആരാധകനാണെന്നും അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നത് ഷാരൂഖിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ പറഞ്ഞു. വീർസാരയിലെ ഷാരൂഖിന്റെ അഭിനയവും സീതാ രാമത്തിലെ ദുൽഖറിന്റെ അഭിനയവും താരതമ്യം ചെയ്യുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദുൽഖർ. 

"ഷാറൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ്. ആളുകളുമായി ഇടപെടുന്നതില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാരൂഖേ ഉണ്ടാകൂ,’, എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. 

സഹോദരിയോടൊപ്പം തീയറ്ററിൽ പോയി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാരൂഖ് എല്ലാവര്‍ക്കും മാതൃകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ദുൽഖറിനെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. മുതിർന്ന താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന കൊടുക്കുന്ന ദുൽഖറെ പോലുള്ള യുവതാരങ്ങള്‍  സിനിമാ മേഖലയില്‍ ഇപ്പോള്‍ വിരളമാണെന്നാണ് ഇവർ പറയുന്നത്.

'ചിലർ എന്നെ കുറിച്ച് മോശമായി എഴുതി, സിനിമയ്ക്ക് കൊള്ളാത്തവനാണെന്ന് പറഞ്ഞു': ദുല്‍ഖര്‍

ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്'.   വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ഛുപ്. 

മൃണാൾ താക്കൂർ നായികയായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം സീതാ രാമം ആയിരുന്നു ദുൽഖർ സൽമാന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഹനു രാഘവപുഡി സംവിധാനം ചെയ്ത ഈ ചിത്രം നിരൂപണപരവും വാണിജ്യപരവുമായ വിജയമായി മാറി. രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

click me!