മൃണാൾ താക്കൂർ നായികയായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം സീതാ രാമം ആയിരുന്നു ദുൽഖർ സൽമാന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.

ലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബല‍ിൽ സിനിമയിൽ എത്തിയ ദുൽഖർ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ മുൻനിര നായക നിരയിലേക്ക് ഉയർന്നു കഴിഞ്ഞു. ഛുപ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി റിലീസിന് ഒരുങ്ങുന്നത്. മോശം വിമര്‍ശനങ്ങള്‍ നേരിട്ട് മുന്നേറാൻ ശ്രമിക്കുന്ന ഒരു കലാകാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ താനും ഇത്തരത്തിൽ മോശം വിമർശനങ്ങൾ നേരിട്ടുണ്ടെന്ന് പറയുകയാണ് ദുൽഖർ. 

തന്നെക്കുറിച്ച് ഒരുപാട് മോശം അഭിപ്രായങ്ങള്‍ വായിക്കേണ്ടി വന്നിട്ടുണ്ടെന്നും നടൻ പറയുന്നു. "ചില ആളുകള്‍ എന്നെക്കുറിച്ച് വളരെ മോശമായി എഴുതിയിട്ടുണ്ട്. ഞാന്‍ സിനിമാ അഭിനയം നിര്‍ത്തണമെന്നും ഞാന്‍ അതിന് കൊള്ളാത്തവനാണെന്നും പറഞ്ഞു. അതെല്ലാം വളരെ രൂക്ഷമായി തോന്നിയിട്ടുണ്ട്", ദുൽഖർ പറഞ്ഞു. ഛുപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു ദുൽഖറിന്റെ പ്രതികരണം. 

ആര്‍ ബല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്'. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ഛുപ്. 

നി​ഗൂഢത വിടാതെ വീണ്ടും 'റോഷാക്ക്'; ഇത്തവണ 'ലൂക്ക് ആന്റണി' തനിച്ചല്ല, ഇവരും ഒപ്പമുണ്ട്

ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി. ഈ രണ്ട് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

മൃണാൾ താക്കൂർ നായികയായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം സീതാ രാമം ആയിരുന്നു ദുൽഖർ സൽമാന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഹനു രാഘവപുഡി സംവിധാനം ചെയ്ത ഈ ചിത്രം നിരൂപണപരവും വാണിജ്യപരവുമായ വിജയമായി മാറി. രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.