Paappan : 'സുരേഷേട്ടന്റെ നന്മ ആയിരിക്കാം പാപ്പൻ വിജയിക്കാൻ കാരണം': നന്ദി പറഞ്ഞ് ടിനി ടോം

By Web TeamFirst Published Aug 3, 2022, 6:02 PM IST
Highlights

സിഐ സോമൻ നായർ എന്ന കഥാപാത്രത്തെയും ചിത്രത്തെയും ഏറ്റെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് ടിനി പറഞ്ഞു

നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ​ഗോപിയും ഒന്നിച്ച 'പാപ്പൻ'(Paappan) പ്രേക്ഷക നിരൂപക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്. നിറഞ്ഞ സദസ്സുകളിൽ പാപ്പൻ നിറഞ്ഞാടുമ്പോൾ, നന്ദി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടിനി ടോം. സിഐ സോമൻ നായർ എന്ന കഥാപാത്രത്തെയും ചിത്രത്തെയും ഏറ്റെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് ടിനി പറഞ്ഞു. എഫ്ബി ലൈവ് വീഡിയോയിൽ ആയിരുന്നു നടന്റെ പ്രതികരണം. 

ടിനി ടോമിന്റെ വാക്കുകൾ

ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നിലെത്തിയത് പ്രത്യേകം നന്ദി പറയാനാണ്. പാപ്പൻ എന്ന സിനിമയ്ക്ക് നിങ്ങൾ നൽകിയ സ്വീകാര്യതയ്ക്ക് ഒരായിരം നന്ദി അർപ്പിക്കുകയാണ്. അതിൽ എന്റെ കഥാപാത്രം സിഐ സോമൻ നായർ എന്നാണ്. തിയറ്ററുകളിലൊക്കെ ചിരിയും കയ്യടിയും ഉണ്ടെങ്കിൽ, അതിനെനിക്ക് ഓരോരുത്തരോടും നേരിട്ട് വന്ന് നന്ദി പറയാൻ സാധിക്കില്ല. ജനങ്ങളിൽ നിന്നും വന്നിട്ടുള്ളൊരു കലാകാരനാണ് ഞാൻ. ഒരു സിനിമ, താര കുടുംബത്തിൽ നിന്നും വന്ന ആളല്ല ഞാൻ. അമ്പല പറമ്പുകൾ, പള്ളി പറമ്പുകൾ പ്രോ​ഗ്രാം ചെയ്ത് സാധാരണ ജനങ്ങളുടെ ഇടയിൽ നിന്നും വന്നതാണ്. അവരെന്നെ സ്വീകരിക്കുമ്പോൾ തിരികെ നന്ദി പറയുക എന്നൊരു കടമ എനിക്കുണ്ട്. റെഡ് അലേർട്ട് ഒക്കെ ആണെങ്കിലും നിറഞ്ഞ സദസ്സുകളിൽ പാപ്പൻ പ്രദർശനം തുടരുകയാണ്. ഒരു സിനിമ വിജയിക്കണമെങ്കിൽ അതിൽ എന്തെങ്കിലും ഒരു നന്മ ഉണ്ടാകും. അതിൽ പങ്കെടുത്ത ആളുകളുടെ പ്രവർത്തികൾ ആയിരിക്കാം. സുരേഷേട്ടൻ ആണ് ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന്റെ നന്മ ആയിരിക്കാം ഈ സിനിമ ഇത്രയും വിജയിക്കാൻ കാരണം. ഒരു നെ​ഗറ്റീവ് റിവ്യൂസ് പോലും ഇല്ലാതെ. നല്ല കാര്യങ്ങൾ ചെയ്തത് കൊണ്ടാകും ചിത്രത്തിൽ അഭിനയിക്കാൻ മറ്റുള്ളവർക്കും സാധിച്ചത്. ജോഷി സാർ എന്ന ഡയറക്ടറിൽ ഒരു സത്യം ഉണ്ടായത് കൊണ്ടായിരിക്കും ആ പടം ഹിറ്റാകാൻ കാരണം. കുറേ ആളുകൾ ഒത്തുചേരുമ്പോഴാണ് ഒരു നന്മ ഉണ്ടാകുന്നത്. പരാജയപ്പെടുന്നവർ ദുഷ്ടന്മാർ എന്നല്ല കേട്ടോ ഞാൻ പറയുന്നത്. പാപ്പന്റെ വിജയം മനുഷ്യരെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ കാരണമാണ്. നിങ്ങൾ തന്ന പ്രോത്സാഹനത്തിന് എത്ര നന്ദി പറഞ്ഞാലും അത് കുറഞ്ഞ് പോകും. 

അതേസമയം, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് സുരേഷ് ഗോപി ചിത്രം നേടിയത് 13.28 കോടി രൂപയാണ്. ഒരു സുരേഷ് ഗോപി ചിത്രത്തിന്‍റെ എക്കാലത്തെയും മികച്ച ഓപ്പണിം​ഗ് കളക്ഷൻ കൂടിയാണിത്. 

Paappan Box Office : മഴയിലും വീഴാതെ 'പാപ്പന്‍'; സുരേഷ് ഗോപി ചിത്രം തിങ്കളാഴ്ച നേടിയത്

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

click me!