
മഞ്ജു വാര്യർ നായികയായി എത്തിയ ആയിഷയ്ക്കും സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തിയ ഇഡിയ്ക്കും ശേഷം ആമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു.ചിത്രത്തിന്റെ കഥ ഒരുക്കുന്നത് ലിജീഷ് കുമാർ ആണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ആമീർ ഇക്കാര്യം പങ്കുവച്ചത്. സംവിധാനത്തിനൊപ്പം സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസുമായാണ് ആമീർ ഇക്കുറി വരുന്നത്. ഇതൊരു മുഴുനീള എൻഎസ്എസ് ക്യാമ്പ് ചിത്രമായിരിക്കുമെന്നാണ് ആമീർ പങ്കുവച്ച പോസ്റ്റിലൂടെ സൂചന നൽകുന്നത്. പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ചും ഒപ്പം പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും കൊച്ചി ലുലു മാരിയേറ്റിൽ ഒക്ടോബർ രണ്ടിന് നടക്കുമെന്ന് ആമീർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
'കുറഞ്ഞത് ഒരു പത്തുനാൽപ്പത്തഞ്ചു ദിവസത്തെ ഷൂട്ടെങ്കിലും കാണും ഒരു സിനിമയ്ക്ക്. കഴിഞ്ഞ രണ്ടു സിനിമ ചെയ്യുമ്പോഴും പ്രിയപ്പെട്ട ക്രൂ മെമ്പേഴ്സിനോട് പറയാൻ ശ്രമിച്ചത്, നമ്മളൊരു എൻ.എസ്.എസ് ക്യാമ്പിലാണെന്ന് വിചാരിച്ച് അടുത്ത നാൽപ്പത്തഞ്ച് ദിവസവും ആത്മാർത്ഥമായങ്ങ് പൊളിച്ചേക്കണം എന്നാണ്. അപ്പോഴൊന്നും ഓർത്തിരുന്നില്ല ശരിക്കുമുള്ള ഒരു എൻ.എസ്.എസ് ക്യാമ്പ് എന്നെങ്കിലും സിനിമയായി ചെയ്യുമെന്ന്. ഈ സിനിമ അതാണ് മലയാളത്തിലാദ്യമായി ഒരു മുഴുനീള എൻ.എസ്.എസ് ക്യാമ്പുപടം.
നിങ്ങളുടെ ക്യാമ്പസ് ഓർമകളിലുമുണ്ടാകും പാട്ടും പഞ്ചാരയുമായി പാറിപ്പറന്ന,ഫീൽ ചെയ്യിക്കുന്ന രസമുള്ള എൻ.എസ്.എസ് കാലവും,ഓർത്തോർത്ത് ചിരിക്കുന്ന ഒരുപാട് തമാശകളും. എല്ലാം ഒന്നോർത്തെടുക്കണ്ടേ നമുക്ക് Loading Next.'- എന്നായിരുന്ന ആമീറിന്റെ സോഷ്യൽ മീഡിയ കുറിപ്പ് .
എക്സ്ട്രാ ഡീസന്റ് (ഇ ഡി ) യായിരുന്നു ആമീറിന്റെ അവസാനമായി റീലിസിനെത്തിയ ചിത്രം. സുരാജ് വെഞ്ഞാറമൂടിനൊപ്പം ഗ്രേസ് ആന്റണി, ശ്യാം മോഹൻ, വിനയ പ്രസാദ് തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥയുമായി എത്തിയ ആയിഷ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. മഞ്ജു വാര്യരുടെ തിരിച്ചുവരവിൽ ഗംഭീര പ്രകടനം കാഴ്ചവച്ച സിനിമ കൂടിയായിരുന്നു ആയിഷ. മോന തവീൽ മഞ്ജു അവതരിപ്പിച്ച ആയിഷയ്‌ക്കൊപ്പം മാമ്മാ എന്ന സുപ്രധാന വേഷത്തിലെത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ