
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വച്ച് സായ് പല്ലവിയെ കണ്ടുമുട്ടിയ ചിത്രങ്ങൾ പങ്കുവച്ച് അനുപം ഖേർ. സായ് പല്ലവി സ്നേഹവും വിനയവുമുള്ള, സ്വാഭാവികമായി പെരുമാറുന്ന ഒരാളായി തോന്നിയെന്നും, അവര്‍ അസാമാന്യ കഴിവുള്ള നടിയാണെന്ന് തനിക്കറിയാമെന്നും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനുപം ഖേർ കുറിച്ചു. സായ് പല്ലവി നായികയായി എത്തിയ ശിവ കാർത്തികേയൻ ചിത്രം 'അമരൻ' ഈ വർഷത്തെ ഐ.എഫ്.എഫ്.ഐ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമാണ്. അനുപം ഖേർ സംവിധാനം ചെയ്ത 'തൻവി ദി ഗ്രേറ്റ്' എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിച്ചിരുന്നു.
"ഒരു പ്രത്യേക കണ്ടുമുട്ടല്‍. ഗോവ ചലച്ചിത്രമേളയില്‍വെച്ച് സുന്ദരിയായ സായ് പല്ലവിയെ കണ്ടുമുട്ടിയപ്പോള്‍ അതിയായ സന്തോഷം തോന്നി. കുറച്ചുനേരം മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ അവര്‍ ഒട്ടുംകൃത്രിമമില്ലാത്ത, സ്‌നേഹവും വിനയവുമുള്ള, സ്വാഭാവികമായി പെരുമാറുന്ന ഒരാളായി തോന്നി. അവര്‍ അസാമാന്യ കഴിവുള്ള നടിയാണെന്ന് എനിക്കറിയാം. അവരുടെ വരാനിരിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും എല്ലാവിധ ആശംസകളും. ജയ് ഹോ." അനുപം ഖേർ കുറിച്ചു.
അതേസമയം മലയാളത്തിൽ നിന്നും മൂന്ന് ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും', ജിതിൻ ലാൽ സംവിധാനം ചെയ്ത ടൊവിനോ തോമസ് നായകനായി എത്തിയ 'അജയന്റെ രണ്ടാം മോഷണം', താമർ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തിയ 'സർക്കീട്ട്' എന്നീ ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. സർക്കീട്ട് ഇന്ത്യൻ പനോരമയിലെ തന്നെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.