
ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'സീതാ രാമ'ത്തെ കുറിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന താൻ ചിത്രത്തിന്റെ തുടക്കം കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി എന്നും എന്നാൽ പോകെപ്പോകെ കഥാന്ത്യത്തിലെത്തിയപ്പോൾ ആ ഞെട്ടൽ ഒരു ഒന്നൊന്നര ഞെട്ടലായി മാറിയെന്നും ബാലചന്ദ്രമേനോൻ കുറിച്ചിരുന്നു. സീതാ രാമത്തിന്റെയും അമേരിക്കൻ ചിത്രം റോമന്‍ ഹോളിഡേയുടെയും പോസ്റ്ററുകൾ പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പിന്നാലെ കോപ്പിയടിയാണോ ബാലചന്ദ്രമേനോൻ ഉദ്ദേശിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്ത വരുത്തിയിരിക്കുകയാണ് ബാലചന്ദ്ര മേനോൻ.
സീതാരാമം ആസ്വാദ്യകരമായ ഒരു ചിത്രം എന്ന നിലയിലാണ് ഞാൻ കഴിഞ്ഞ തവണയും പറഞ്ഞവസാനിപ്പിച്ചത്. അതിൽ റോമൻ ഹോളിഡേ എന്ന ചിത്രത്തിന്റെ സ്വാധീനമുണ്ടായിരുന്നു എന്ന് നിങ്ങളിൽത്തന്നെ പലരും ഇപ്പോൾ സൂചിപ്പിക്കുകയുണ്ടായി. അതൊരു ഭീകരമായ തെറ്റാണെന്നൊന്നും ഞാൻ അഭിപ്രായപ്പെട്ടില്ല. റോമൻ ഹോളിഡേ എന്ന ചിത്രം 21മത്തെ വയസ്സിൽ ഞാൻ മദിരാശിയിൽ വെച്ച് കണ്ടതാണ്. ഒരു സിനിമാ വിദ്യാർത്ഥി എന്ന നിലയിൽ എന്നെ ഏറ്റവും സ്വാധീനിച്ച ചിത്രം വർഷങ്ങൾ കഴിഞ്ഞു പോയപ്പോൾ പിന്നീട് പല സിനിമകളിലും ഈ ചിത്രത്തിന്റെ സ്വാധീനം പ്രമേയപരമായും ചിലതിൽ കഥ സന്ദർഭങ്ങളുടെ അവർത്തനമായും ഞാൻ കണ്ടു. അവളുടെ രാവുകൾ, മൂന്നാം മുറ, ജയിക്കാനായി ജനിച്ചവൻ, കിലുക്കം..അങ്ങിനെ പോയി ഇപ്പോൾ ഞാനും നിങ്ങളും ഒരു പോലെ ഇഷ്ട്ടപ്പെട്ട 'സീതാരാമ'ത്തിലും അതിന്റെ സ്വാധീനം കണ്ടപ്പോഴാണ് നിങ്ങളുമായി അത് പങ്കുവയ്ക്കാൻ താൻ തുനിഞ്ഞതെന്നും ബാലചന്ദ്ര മേനോൻ കുറിച്ചു.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ
"സീതാരാമം " എന്ന ചിത്രത്തെ കുറിച്ച് ഞാൻ എഴുതിയ ആസ്വാദനത്തിന് മറുപടിക്കായി നിങ്ങൾ അയച്ച ഇത് വരെയുള്ള കമന്റുകൾ ഞാൻ വായിച്ചു.
സന്തോഷം ..നന്ദി ...
ആ സിനിമയെ കുറിച്ചുള്ള ഒരു ആരോഗ്യകരമായ ആശയ സംവാദമാണ് ഞാൻ ഉദ്ദേശിച്ചത് . ഏതാണ്ട് ഭൂരിഭാഗം പേരും അതിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തു . എന്നാൽ ചിലരെങ്കിലും 'എന്തൊക്കയോ' അജണ്ട മനസ്സിൽ കരുതിക്കൊണ്ടു 'കാളപെറ്റൂ, കയറെടുക്കാം ' എന്ന നിലയിൽ പ്രതികരിച്ചത് ഞാൻ ശ്രദ്ധിച്ചു . 'ചൊറിച്ചിൽ , ശിവസേന, എന്നിത്യാദി ചില പ്രയോഗങ്ങളൊന്നും എന്റെ ഈ ചർച്ചയിൽ പ്രസക്തമല്ല .അത്തരത്തിൽ അവരോടു സംവദിക്കാനും എനിക്ക് താൽപ്പര്യമില്ല . മേൽപ്പറഞ്ഞ രീതിയിലുള്ള വാക്പോരിനുള്ള മാനസികാവസ്ഥ അല്ല എനിക്ക് .. ഞാൻ വയസ്സായിപ്പോയെന്നോ ചത്തോ എന്നൊക്കെ പറഞ്ഞാൽ വിളറിപ്പോകുന്ന ഒരാൾ ആയിരുന്നുവെങ്കിൽ ഇത്രയും കാലമൊന്നും ഞാൻ ഇവിടെ കാണില്ലായിരുന്നു . അത് കൊണ്ട് അനിയന്മാരും കുറച്ചു മാന്യമായി സഹകരിച്ചാൽ നമുക്ക് വലതും രസകരമായ കാര്യങ്ങൾ പറഞ്ഞും കേട്ടുമിരിക്കാം ...
'കഥാന്ത്യത്തിലെത്തിയപ്പോൾ ആ ഞെട്ടൽ ഒരു ഒന്നൊന്നര ഞെട്ടലായി'; 'സീതാ രാമം' കണ്ട് ബാലചന്ദ്രമേനോൻ
ഇനി എനിക്ക് പറയാനുള്ളത് . "സീതാരാമം " ആസ്വാദ്യകരമായ ഒരു ചിത്രം എന്ന നിലയിലാണ് ഞാൻ കഴിഞ്ഞ തവണയും പറഞ്ഞവസാനിപ്പിച്ചത് . അതിൽ "റോമൻ ഹോളിഡേ" എന്ന ചിത്രത്തിന്റെ സ്വാധീനമുണ്ടായിരുന്നു എന്ന് നിങ്ങളിൽത്തന്നെ പലരും ഇപ്പോൾ സൂചിപ്പിക്കുകയുണ്ടായി .അതൊരു ഭീകരമായ തെറ്റാണെന്നൊന്നും ഞാൻ അഭിപ്രായപ്പെട്ടില്ല . കല ജനിക്കുന്നത് ജീവിതത്തിൽ നിന്നാണ് . ആ ഒരു ജീവിതത്തെ ഒരോരുത്തര് ഓരോ രീതിയിൽ വ്യാഖ്യാനിക്കുന്നു ...ഓരോരോ കഥകൾ ജനിക്കുന്നു .രാമനും സീതയും ലൈലയും മജ്നുവുമൊക്കെ.... ആ വ്യാഖ്യാനത്തിലെ വ്യത്യസ്തതയാണ് കലയെ വേറിട്ടതാക്കുന്നതും ...
ഇനി , റോമൻ ഹോളിഡേ എന്ന ചിത്രം 21 മത്തെ വയസ്സിൽ ഞാൻ മദിരാശിയിൽ വെച്ച് കണ്ടതാണ് ..ഒരു സിനിമാ വിദ്യാർത്ഥി എന്ന നിലയിൽ എന്നെ ഏറ്റവും സ്വാധീനിച്ച ചിത്രം ! ഇന്നും എത്ര തവണ കണ്ടാലും മതി വരാത്ത ഒരു അനുഭവം . സ്ഥിരം ചേരുവ ഒന്നുമില്ലാതെ ഉദ്വേഗം നിറഞ്ഞ ഒരു കഥാരചന എങ്ങിനെ സാധ്യമാണെന്ന് എന്നെ പഠിപ്പിച്ച ചിത്രം. വർഷങ്ങൾ കഴിഞ്ഞു പോയപ്പോൾ പിന്നീട് പല സിനിമകളിലും ഈ ചിത്രത്തിന്റെ സ്വാധീനം പ്രമേയപരമായും ചിലതിൽ കഥ സന്ദർഭങ്ങളുടെ അവർത്തനമായും ഞാൻ കണ്ടു ....അവളുടെ രാവുകൾ, മൂന്നാം മുറ , ജയിക്കാനായി ജനിച്ചവൻ, കിലുക്കം ...അങ്ങിനെ പോയി ഇപ്പോൾ ഞാനും നിങ്ങളും ഒരു പോലെ ഇഷ്ട്ടപ്പെട്ട 'സീതാരാമ'ത്തിലും അതിന്റെ സ്വാധീനം കണ്ടപ്പോഴാണ് നിങ്ങളുമായി അത് പങ്കു വെയ്ക്കാൻ ഞാൻ തുനിഞ്ഞത് ....അത് ഒരു ചേരിപ്പോരിലേക്കു നയിക്കാൻ ആര് ശ്രമിച്ചിട്ടുണ്ടെങ്കിലും ഞാൻ ഉത്തരവാദിയല്ല ..
ഒരു കാര്യം കൂടി 'സീതാരാമം ' നമ്മെ പഠിപ്പിക്കുന്നു . ഞാൻ ജനിക്കുന്നതിനു മുൻപ് റിലീസായ ചിത്രമാണ് "റോമൻ ഹോളിഡേ " . ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഈ 2022 ൽ ആ ചിത്രത്തിന്റെ സ്വാധീനം കണ്ടിട്ടും അതിനെ സ്വാഗതം ചെയ്യാനും ആസ്വാദിക്കാനും പ്രേക്ഷകർ കാണിച്ച താല്പര്യം വ്യക്തമാകുന്ന ഒരു സത്യമുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എഴുതിയാലൂം "നല്ല സിനിമകൾക്കു' മരണമില്ല .
കാലം കഴിഞ്ഞാലും അതിന്റെ ആവർത്തനങ്ങൾ വന്നുകൊണ്ടേയിരിക്കും ...
ഒന്ന് കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ആദ്യത്തെ ഷോ കഴിയുമ്പോഴേക്കും കേക്ക് മുറിക്കാൻ നാം ധൃതി കാട്ടണ്ട ....നല്ല സിനിമക്ക് ആയുസ്സുണ്ടാവുക തന്നെ ചെയ്യും !
ഒരു കാര്യം ഒരിക്കകൾ കൂടി ...
എന്റെ ഈ പേജിൽ പ്രതികരിക്കുമ്പോൾ ഭാഷയുടെ കാര്യത്തിലാണെങ്കിലും പ്രയോഗത്തിന്റ കാര്യത്തിലാണെങ്കിലും അൽപ്പം പ്രതിപക്ഷ ബഹുമാനം ഞാൻ തീർച്ചയായും പ്രതീക്ഷിക്കും ...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ