Asianet News MalayalamAsianet News Malayalam

'കഥാന്ത്യത്തിലെത്തിയപ്പോൾ ആ ഞെട്ടൽ ഒരു ഒന്നൊന്നര ഞെട്ടലായി'; 'സീതാ രാമം' കണ്ട് ബാലചന്ദ്രമേനോൻ

സീതാ രാമത്തിന്റെയും അമേരിക്കൻ ചിത്രം റോമന്‍ ഹോളിഡേയുടെയും പോസ്റ്ററുകളും നടൻ പങ്കുവച്ചിട്ടുണ്ട്. കോപ്പിയടിയാണോ ബാലചന്ദ്രമേനോൻ ഉദ്ദേശിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

actor Balachandra Menon facebook post about dulquer salmaan movie sita ramaM
Author
First Published Sep 15, 2022, 4:01 PM IST

ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് 'സീതാ രാമം'. റിലീസ് ദിനം മുതൽ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ദുൽഖർ സൽമാനെ പാൻ ഇന്ത്യൻ താരത്തിലേക്ക് ഉയർത്തുന്നതിൽ വലിയൊരു പങ്കുവഹിക്കാൻ ചിത്രത്തിന് സാധിച്ചു. ഈ അവസരത്തിൽ സീതാ രാമം കണ്ട ശേഷം ബാലചന്ദ്രമേനോൻ കുറിച്ച വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. 

രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാൻ ചിത്രത്തിന്റെ തുടക്കത്തിൽ കണ്ട  ഇന്തോ - പാക്കിസ്ഥാൻ പട്ടാള അധിനിവേശം കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് പറയാം. എന്നാൽ പോകെപ്പോകെ  കഥാന്ത്യത്തിലെത്തിയപ്പോൾ ആ ഞെട്ടൽ ഒരു ഒന്നൊന്നര ഞെട്ടലായി മാറിയെന്നും ബാലചന്ദ്രമേനോൻ കുറിക്കുന്നു. സീതാ രാമത്തിന്റെയും അമേരിക്കൻ ചിത്രം റോമന്‍ ഹോളിഡേയുടെയും പോസ്റ്ററുകളും നടൻ പങ്കുവച്ചിട്ടുണ്ട്. കോപ്പിയടിയാണോ ബാലചന്ദ്രമേനോൻ ഉദ്ദേശിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇങ്ങനെ

ദുൽക്കർ സൽമാൻ നായകനായി അഭിനയിക്കുന്ന "സീത രാമം ' റിലീസ് ആയ ദിവസം തന്നെ ചിത്രം കണ്ടവരുടെ നല്ല ആസ്വാദനം ഞാൻ കേട്ടറിഞ്ഞു . സന്തോഷം തോന്നി . പക്ഷെ തിയേറ്ററിൽ ആൾ സാന്നിധ്യം പ്രതീക്ഷിച്ചതിലും കുറവാണെന്നറിഞ്ഞപ്പോൾ വിഷമം തോന്നി .എന്നാൽ അധികം വൈകാതെ ചിത്രം നല്ലതാണെന്നുള്ള പൊതുജനാഭിപ്രായത്തിനനുസരിച്ചു തിയേറ്ററിലും തിരക്ക് കൂടുന്നു എന്ന വാർത്ത എന്നെ സന്തോഷിപ്പിച്ചു . സിനിമയുടെ തുടക്കത്തിൽ അൽപ്പം അമാന്തം ഉണ്ടായാലും കണ്ടവരുടെ ചുണ്ടിൽ നിന്ന് ചുറ്റുവട്ടത്തിലേക്കു പടരുന്ന പ്രേരണ കൊണ്ട് ചിത്രം ഹിറ്റ് ആയി മാറണം . അത് തന്നെയാണ് ആരോഗ്യകരമായ സിനിമയുടെ വ്യാകരണം . അഭിമാനത്തോടെ പറയട്ടെ ജൂബിലികൾ കൊണ്ടാടിയ എന്റെ ചിത്രങ്ങളുടെ ചരിത്രവും അതു തന്നെയാണ് . സാമൂഹ്യ മാധ്യമങ്ങളിൽ നിറമുള്ള വ്യാജപ്രചാരണങ്ങളിലൂടെയും തിയേറ്ററുകളിൽ വ്യാജ സദസ്സുകളിലൂടെയും (fake audience) സിനിമ ജനപ്രിയമാക്കാൻ ശ്രമിക്കുന്നത് ആത്‌മ വഞ്ചനയാണെന്നേ പറയാനാവൂ..

"സീത രാമം " ശില്പികൾക്കു എന്റെ

അഭിനന്ദനങ്ങൾ......ഇനി കാര്യത്തിലേക്കു വരട്ടെ . "സീതാരാമം " നന്നായി ഓടുന്നു എന്ന് കേട്ടപ്പോൾ അതിന്റെ കഥ എന്താവും എന്നൊരു അന്വേഷണം നിങ്ങളെപ്പോലെ എന്റെ മനസ്സിലും ഉണ്ടായി . നേരിട്ടല്ലെങ്കിലും രാമരാജ്യമായതു കൊണ്ടു സീതയെ അവലംബമാക്കിയുള്ള , ഒന്നുകിൽ ഒരു പ്രണയകഥ അല്ലെങ്കിൽ കുടുംബ കഥ എന്ന് തന്നെയാണ് ഞാനും കരുതിയത്. തെലുങ്കു ,തമിഴ്, ഹിന്ദി ഭാഷകളിലും ഒരു പോലെ പ്രദർശന വിജയം നേടിയ ഈ ചിത്രം പ്രൈം വീഡിയോയിൽ കഴിഞ്ഞ ദിവസമാണ് കണ്ടത് .

'കഠിന കഠോരമീ അണ്ഡകടാഹം', രസകരമായ ടൈറ്റിലുമായി ബേസിൽ ചിത്രം

രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാൻ ചിത്രത്തിന്റെ തുടക്കത്തിൽ കണ്ട ഇന്തോ - പാക്കിസ്ഥാൻ പട്ടാള അധിനിവേശം കണ്ടപ്പോൾ അക്ഷരാത്ഥത്തിൽ ഞെട്ടി എന്ന് പറയാം . എന്നാൽ പോകെപ്പോകെ കഥാന്ത്യത്തിലെത്തിയപ്പോൾ ആ ഞെട്ടൽ ഒരു 'ഒന്നൊന്നര 'ഞെട്ടലായി' മാറി ..

ആ ഞെട്ടലിന്റെ ഒരു ക്ലൂ ഞാൻ കൊടുത്തിരിക്കുന്ന ഈ പോസ്റ്ററിൽ നോക്കിയാൽ മനസ്സിലാക്കാൻ കഴിയും ...അങ്ങിനെ എന്തെങ്കിലും സൂചന നിങ്ങൾക്ക് കിട്ടുന്നുവെങ്കിൽ ദയവായി കമന്റായി എഴുതുക ..

അതിന് ശേഷം ഞാൻ തീർച്ചയായും പ്രതികരിക്കാം ...പോരെ ? സീതാ രാമാ !!!

Follow Us:
Download App:
  • android
  • ios