
വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ വ്ലോഗർക്ക് നടി ഗൗരി കിഷൻ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത് പുതിയ സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെ ചെന്നൈയിൽ വച്ചായിരുന്നു സംഭവം. ഇപ്പോഴിതാ സംഭവത്തിൽ ഗൗരിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായിക ചിന്മയി. നടന്മാരോട് ഇത്തരം ആരും ചോദിക്കാറില്ലെന്നും എന്തുകൊണ്ടാണ് നടിമാരോട് ചോദിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നുമാണ് ചിന്മയി എക്‌സിൽ പ്രതികരിച്ചത്.
"ഗൗരി നല്ല പോലെ അത് കൈകാര്യം ചെയ്തു. ബഹുമാനം നൽകാത്തതും അനാവശ്യമായാ ഇത്തരം ചോദ്യങ്ങൾക്കെതിരെ പ്രതികരിക്കുമ്പോൾ ഇത്തരം അലർച്ചകൾ ഉണ്ടാവാറുണ്ട്. അവളെ പോലെ ഇത്രയും ചെറുപ്പമായ ഒരാൾ നിലാപ്റ്റിൽ ഉറച്ച് നിന്നതിലും പ്രതികരിച്ചതിലും വളരെയധികം അഭിമാനിക്കുന്നു. ഒരു നടനോട് ഒരിക്കലും അയാളുടെ ശരീരഭാരം എത്രയാണെന്ന് ചോദിക്കാറില്ല, ഒരു നടിയോട് അവർ അങ്ങനെ ചോദിച്ചത് എന്തിനാണെന്ന് അറിയില്ല." ചിന്മയി കുറിച്ചു.
ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു. എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്.
സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്ന് ചിരിയോടെ വ്ലോഗര്‍ നടനോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തോടെയാണ് ഗൗരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും വ്ലോഗര്‍ ചോദിച്ചു. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നതെന്നും താനും ജേർണലിസമാണ് പഠിച്ചതെന്നും ഗൗരി കിഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 50 ഓളം പുരുഷന്മാരുള്ള മുറിയിൽ എനിക്ക് ഒറ്റക്ക് സംസാരിക്കേണ്ടി വന്നുവെന്നും എന്‍റെ ടീം മെമ്പേഴ്‌സ് പോലും ഒന്നും പ്രതികരിച്ചില്ലെന്നും ഗൗരി പറഞ്ഞു.