
മുംബൈ: പ്രമുഖ നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു. എഴുപത്തി ഒന്ന് വയസായിരുന്നു. സുലക്ഷണയുടെ സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് 12 മണിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
1954 ജൂലൈ 12ന് ഛത്തീസ്ഗഡിലെ റായ്ഗഡിൽ ആയിരുന്നു സുലക്ഷണ പണ്ഡിറ്റിന്റെ ജനനം. ഇതിഹാസ ക്ലാസിക്കൽ ഗായകൻ പണ്ഡിറ്റ് ജസ്‌രാജിൻ്റെ മരുമകളും സംഗീതസംവിധായകരായ ജതിൻ-ലളിത് ദമ്പതികളുടെ സഹോദരിയുമായിരുന്നു സുലക്ഷണ. ഒൻപതാം വയസ്സിൽ സംഗീത യാത്ര ആരംഭിച്ച സുലക്ഷണ 1967ൽ പിന്നണി ഗാനരംഗത്ത് എത്തി. സങ്കൽപിലെ (1975) 'തു ഹി സാഗർ ഹേ തു ഹി കിനാര' എന്ന ഗാനത്തിലൂടെ അവർ പ്രശസ്തിയിലേക്ക് ഉയർന്നു. ഈ ഗാനം അവർക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. തഖ്ദീർ (1967) എന്ന ചിത്രത്തിലെ ലതാ മങ്കേഷ്‌കറുമൊത്തുള്ള ഡ്യുയറ്റ് സാത്ത് സമന്ദർ പാർ സേ എന്ന ഗാനം വലിയ ജനപ്രീതി നേടി കൊടുത്തു.
സംഗീതത്തോടൊപ്പം അഭിനയത്തിലും സുലക്ഷണ അരങ്ങേറ്റം കുറിച്ചു. 1975ൽ സഞ്ജീവ് കുമാറിനൊപ്പം ഉൾജാൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് സങ്കോച്ച് (1976), ഹേരാ ഫേരി, അപ്നാപൻ, ഖണ്ഡാൻ, വഖ്ത് കി ദീവാർ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു. രാജേഷ് ഖന്ന, ജീതേന്ദ്ര, വിനോദ് ഖന്ന, ശശി കപൂർ, ശത്രുഘ്നൻ സിൻഹ എന്നിവരുൾപ്പെടെ ഹിന്ദി സിനിമയിലെ ഏറ്റവും വലിയ താരങ്ങളുമായി അവർ സ്‌ക്രീൻ സ്പേസ് പങ്കിട്ടു. പിന്നണിഗായിക എന്ന നിലയിൽ ‘തു ഹി സാഗർ തു ഹി കിനാര’, ‘പർദേശിയ തേരേ ദേശ് മേ’, ‘ബാന്ധി രേ കഹേ പ്രീത്’, ‘സോംവാർ കോ ഹം മിലേ’ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്.