
കൊച്ചി: ചുരുളി സിനിമാ വിവാദത്തിൽ ജോജുവിന് പ്രതിഫലം നല്‍കിയെന്ന് അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി പിന്‍വലിച്ചു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്.
നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്തെടുണ് ഇങ്ങനെ ഒരു വിശദീകരണമെന്നും ചിത്രീകരണവേളയില്‍ തങ്ങളാരും ജോജു ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ലിജോ ജോസ് പിന്‍വലിച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. ഒരവസരം ലഭിക്കുകയാണെങ്കില്‍ ചുരുളി തിയറ്ററില്‍ റിലീസ് ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞു. മൂന്ന് ദിവസത്തെ ഷൂട്ടിനായി അഞ്ച് ലക്ഷത്തിലധികം രൂപ ജോജുവിന് നല്‍കിയതിന്‍റെ തെളിവും അദ്ദേഹം പുറത്തുവിട്ടിരുന്നു ഈ പോസ്റ്റില്‍.
ഇതിന് പിന്നാലെ ഇതിനോട് കൊച്ചിയില്‍ വാര്‍ത്ത സമ്മേളനം വിളിച്ച നടൻ ജോജു ജോർജ് പ്രതികരിച്ചിരുന്നു. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല താനെന്നും ഫെസ്റ്റിവലിന് വേണ്ടി നിർമിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും തെറിയല്ലാത്ത ഭാഗം ഡബ്ബ് ചെയ്തുവെന്നും ജോജു പറഞ്ഞു.
ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസല്ല എഗ്രിമെന്‍റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു. പ്രതിഫലം അല്ല വിഷയം. ചുരുളി തന്‍റെ ജീവിതത്തില്‍ ഏല്‍പ്പിച്ച ഡാമേജ് ചില്ലറയല്ലെന്നും മക്കള്‍ സ്കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോളുകള്‍ പറഞ്ഞ് കളിയാക്കുന്നുവെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് രാവിലെ ലിജോ പോസ്റ്റിട്ടു. അതിന് തൊട്ടു മുന്‍പ് വരെ ഒരാളും എന്നെ വിളിച്ചിട്ടില്ല. എനിക്കുണ്ടായ പ്രശ്നമെന്താണെന്ന് ചോദിച്ചിട്ടില്ല. ഫാമിലിയെ ബാധിച്ചത് കൊണ്ടാണ് ഇന്റർവ്യൂവില്‍ ഇക്കാര്യം പരാമർശിച്ചതെന്നും ജോജു പറഞ്ഞു. "മക്കളോട് പുതിയ സ്കൂളിൽ പോയപ്പോള്‍ ആദ്യം ചോദിച്ചത് ചുരുളിയെ കുറിച്ചാണ്. അന്ന് മോൾ എന്നോട് പറഞ്ഞു. അപ്പ ആ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന്. ഫെസ്റ്റിവല്‍ സിനിമ എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ചുരുളിയില്‍ അഭിനയിച്ചത്.
ഞാന്‍ അഞ്ച് ലക്ഷം രൂപയ്ക്ക് അഭിനയിക്കാം എന്ന് പറഞ്ഞു കൊണ്ടുള്ളൊരു എഗ്രിമെന്‍റ് ഉണ്ടാകുമല്ലോ. ഈ തുണ്ട് കടലാസിനൊപ്പം ആ കരാര്‍ കൂടി പുറത്തുവിടണം. ചുരുളിയിലെ പോലത്തെ കഥാപാത്രം ഇനി ഞാന്‍ ചെയ്യില്ല. പൈസ കിട്ടിയില്ലെന്ന് പറഞ്ഞത് പൈസ കിട്ടാത്തത് കൊണ്ടാണ്. ലിജോ എന്ന സംവിധായകന്‍റെ ആരാധകനാണ് ഞാന്‍. ആ ബഹുമാനവും കൊടുക്കുന്നുണ്ട്", എന്നും ജോജു ജോര്‍ജ് പറഞ്ഞു.
ലിജോ പിന്‍വലിച്ച പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
“പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. Nb : streaming on sony liv. ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു”
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ