
മലയാളി സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഡിംപിള്‍ റോസ്. വിവാഹത്തോടെ അഭിനയ മേഖലയില്‍ നിന്നും വിട്ടുനിന്നെങ്കിലും പിന്നീട് യുട്യൂബ് ചാനലിലൂടെ സജീവമായ നടി തന്‍റെ കുടുംബ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സഹോദരൻ ഡോണുമായുള്ള ആത്മബന്ധത്തെക്കുറിച്ചാണ് ഡിംപിൾ പുതിയ വീഡിയോയിൽ സംസാരിക്കുന്നത്. പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്ക് യൂട്യൂബ് ചാനലിലൂടെ മറുപടി പറയുകയായിരുന്നു താരം.
സീരിയൽ താരം മേഘ്ന വിൻസെന്റിനെ ആയിരുന്നു ഡോൺ ആദ്യം വിവാഹം ചെയ്തിരുന്നത്. ഇവർ വിവാഹമോചിതരാകുകയും ഡോൺ പിന്നീട് ഡിവൈൻ എന്നയാളെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ഡിംപിളിന്റെ ജീവിതത്തിലെ വലിയൊരു വേദനയെക്കുറിച്ചും താരം മുൻപും സംസാരിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളെയായിരുന്നു ഡിംപിള്‍ പ്രസവിച്ചത്- കെസ്റ്ററും പാച്ചുവെന്ന് വിളിക്കുന്ന കെന്‍ഡ്രിക്കും. എന്നാല്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കെസ്റ്റര്‍ മരിക്കുകയായിരുന്നു. ഈ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം എങ്ങനെയാണ് ഡിംപിളും ഡോണും പരസ്പരം ആശ്വസിപ്പിച്ചതെന്നും തുണയായത് എന്നുമായിരുന്നു ഒരാളുടെ ചോദ്യം.
''രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പിന്തുണയായി നിന്നിട്ടുണ്ട്. എന്റെ കാര്യത്തിൽ ചേട്ടൻ ഒരു സൈലന്റ് സപ്പോർട്ട് ആയിരുന്നു എന്നു വേണം പറയാൻ. അങ്ങനെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ പറ്റിയ സാഹചര്യം ആയിരുന്നില്ലല്ലോ അത്. എന്നെ വേദനിപ്പിക്കുന്ന ഒന്നും ആ സമയത്ത് ഡോൺ ചേട്ടൻ ചെയ്യുകയോ പറയുകയോ ചെയ്തിട്ടില്ല. സാമ്പത്തികമായും ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ സമയമായിരുന്നു അത്. ആ സമയത്ത് ചേട്ടനെക്കൊണ്ട് പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്തു തരുമായിരുന്നു.
ചേട്ടന്റെ കാര്യം പറഞ്ഞാൽ, ചേട്ടൻ വലിയൊരു ട്രോമയിലൂടെ കടന്നുപോയ സമയമായിരുന്നു അത്. ആ സമയത്ത് ഡോൺ ചേട്ടനെ എൻഗേജ്ഡ് ആക്കിയിരുത്തുകയാണ് ഞങ്ങൾ ചെയ്തത്. ചേട്ടന്റെ ഇടംവലം ഞാനും ആൻസൺ ചേട്ടനും ഉണ്ടായിരുന്നു'', ഡിംപിൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക