
കൊച്ചി: യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എക്സൈസ്. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സമീർ താഹിർ എന്നിവരാണ് കേസിലെ പ്രതികൾ. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ലെന്നും കുറ്റപത്രം പറയുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. സമീർ താഹിറിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്‍റെ അറിവോടെയെന്നും എക്സൈസ് പറയുന്നു.
ഏപ്രിൽ 30ന് പുലർച്ചെയാണ് കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള സമീർ താഹിറിന്‍റെ ഫ്ലാറ്റിൽ നിന്ന് 1.6ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും അറസ്റ്റ് ചെയ്തു. ഒപ്പം ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദും ഉണ്ടായിരുന്നു. അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പിന്നാലെ സമീർ താഹിറിനെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്‍റെ അറിവോടെയാണെന്ന് എക്സൈസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു. കോഴിക്കോട് സ്വദേശിയായ നവീൻ എന്ന യുവാവാണ് ലഹരി എത്തിച്ചതെന്നായിരുന്നു സംവിധായകരുടെ മൊഴി. എന്നാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളിലേക്ക് എത്താവുന്ന തെളിവുകൾ ലഭിച്ചില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. സമീർ താഹിറിന്‍റെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സ്ഥിരമാണെന്ന പരാതി വന്നപ്പോൾ മുതൽ എക്സൈസിന്‍റെ നിരീക്ഷണമുണ്ടായിരുന്നു. ഒടുവിൽ രഹസ്യവിവരത്തെത്തുടർന്ന് റെയ്ഡ് നടത്തുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ഫെഫ്ക സംവിധായകരെ സസ്പെൻഡ് ചെയ്തു.