
മോഹന്‍ലാലിന്‍റേതായി വരാനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് വൃഷഭ. പ്രധാനമായും തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കപ്പെടുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പുറത്തെത്തിയത്. എന്നാല്‍ സിനിമാപ്രേമികള്‍ക്ക് ഏറെ ആകാംക്ഷ പകര്‍ന്ന ഈ പ്രോജക്റ്റ് സംബന്ധിച്ച അധികം അപ്ഡേറ്റുകള്‍ പുറത്തെത്തിയിട്ടില്ല. ഇപ്പോഴിതാ വൃഷഭ സംബന്ധിച്ച ഒരു പ്രധാന വിവരം പുറത്തെത്തിയിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂറും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി ആയിരിക്കും എന്നതാണ് അത്.
ഇത് ഏക്ത കപൂറിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ആയിരിക്കുമെന്നും മുംബൈയില്‍ യാഷ് രാജ് ഫിലിംസിന്‍റെ ഓഫീസില്‍ വച്ച് ഏക്തയും മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കുമെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുംവിധം മുംബൈയിലെ യൈആര്‍എഫ് സ്റ്റുഡിയോസ് ഓഫീസിലേക്ക് വാഹനത്തില്‍ എത്തുന്ന മോഹന്‍ലാലിന്‍റെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. 200 കോടിയാണ് ചിത്രത്തിന്‍റെ മുടക്കുമുതലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. ഏക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുക.
ബാഹുബലിയുടെ ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിന് കരണ്‍ ജോഹറിന്‍റെ സാന്നിധ്യം എത്രത്തോളം സഹായകരമായോ അതേപോലെയാവും വൃഷഭ ടീമിലെ ഏക്ത കപൂറിന്‍റെ സാന്നിധ്യമെന്ന് ഒരു അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡ് ചിത്രങ്ങളായ ഡ്രീം ഗേള്‍ 2, ദി ക്രൂ എന്നിവയാണ് ഏക്ത കപൂറിന്‍റെ നിര്‍മ്മാണത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.
ALSO READ : രാം ചരണിന്‍റെ മകളുടെ പേര് 'ക്ലിന്‍ കാര'; അര്‍ഥം വിശദീകരിച്ച് ചിരഞ്ജീവി
WATCH VIDEO : ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; ബിഗ് ബോസ് താരം വിഷ്ണു ജോഷി അഭിമുഖം