
മമ്മൂട്ടിയുടെ അഭിനയ പ്രതിഭയെ പ്രശംസിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് കൂറിലോസ്. കഴിഞ്ഞ ദിവസം ഒരു വിമാനയാത്രയ്ക്കിടെയാണ് താന്‍ ഭ്രമയുഗം കാണാന്‍ ഇടയായതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയിലെ കുറിപ്പ്. തുടര്‍ന്ന് മെത്തേഡ് ആക്റ്റിംഗിന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഉദാഹരണമായി മമ്മൂട്ടി എങ്ങനെ മാറുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഗീവര്‍ഗീസ് കൂറിലോസിന്‍റെ കുറിപ്പ്
നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക? കുറച്ചു ദിവസം മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് കുവൈറ്റ് എയർവേസ് ഫ്ലൈറ്റിൽ “ഭ്രമയുഗം” മൂവി കണ്ടത്. അപ്പോൾ മനസ്സിൽ ചോദിച്ച ചോദ്യമാണ് മുകളിൽ കുറിച്ചത്. ഇന്ത്യൻ സിനിമയിൽ മെത്തേഡ് ആക്റ്റിംഗ് മമ്മൂട്ടി അവസാന വാക്കാണ്. പരകായ പ്രവേശം അതിന്റെ ഔന്നത്യം പ്രാപിക്കുന്നു ഈ മഹാനടനിൽ. ഒരു കഥാപാത്രമായി മാറാൻ അദ്ദേഹം ചെയ്യുന്ന ഗൃഹപാഠം! ഇന്ത്യൻ സിനിമയുടെ ഡാനിയല്‍ ഡേ ലൂയിസ് എന്നോ റോബര്‍ട്ട് ഡി നീറോ എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് അദ്ദേഹത്തിന്റെ പകർന്നാട്ടം. എബ്രഹാം ലിങ്കനെ അവതരിപ്പിച്ച ഡാനിയല്‍ ഡേ ലൂയിസ് ഷൂട്ടിംഗ് തീരുന്നതു വരെയും ആ കഥാപത്രത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്. മമ്മൂട്ടി അംബേദ്കർ ചെയ്തപ്പോൾ നടത്തിയ ഗവേഷണം, ഇംഗ്ലീഷ് ഭാഷ ഉച്ചാരണ പരിശീലനം എല്ലാം നടനം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത് എന്നതിന്റെ സൂചകങ്ങളാണ്. ടാക്സി ഡ്രൈവര്‍ ആയി അഭിനയിക്കാൻ ജീവിതത്തിൽ ഡി നീറോ ടാക്സി ഡ്രൈവര്‍ ആയതു പോലെ!
ആകാരഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദ വിന്യസവും (മോഡുലേഷന്‍) ഇത്രമേൽ സാമാന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേൽ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല. സൂക്ഷ്മ അഭിനയം മമ്മൂട്ടിയിൽ പൂർണത കൈവരിക്കുന്നു. ശരീര ഭാഗങ്ങളുടെ ചലനങ്ങൾ ഇത്രയും ഭാവ ഗംഭീരമായി അവതരിപ്പിക്കാൻ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. അമരത്തിലെയും ഉദ്യാനപാലകനിലെയും അദ്ദേഹത്തിന്റെ നടപ്പ്, ഭ്രമയുഗത്തിലെയും ഭൂതകണ്ണാടിയിലെയും നോട്ടം ഒക്കെ ഈ ഭാവാഭിനയ പൂർണതയുടെ അടയാളങ്ങളാണ്. കണ്ണുകൾ കൊണ്ട് മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും (കാഴ്ച്ച ) കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ! ഒരു വടക്കൻ വീരഗാഥ, അമരം, വാത്സല്യം, കാഴ്ച, മൃഗയ, വിധേയൻ, ഭൂതക്കണ്ണാടി, മതിലുകൾ, പാലേരി മാണിക്യം, പൊന്തൻ മാട, പ്രാഞ്ചിയേട്ടൻ, അരയന്നങ്ങളുടെ വീട്, യാത്ര, ന്യൂ ഡൽഹി, നിറക്കൂട്ട് അങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ കൂടി മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇനിയും അഭിനയിക്കാനുള്ള അടങ്ങാത്ത ആർത്തി അദ്ദേഹത്തെ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ “ഇനിയും മൂർച്ച കൂട്ടാൻ പാകത്തിൽ തേച്ചു മിനുക്കാൻ” കഴിവുള്ള സംവിധായകരുടെ കൈകളിൽ എത്തിക്കട്ടെ.
ഒരു പക്ഷെ തന്റെ രാഷ്റ്റ്രീയ നിലപാടുകൾ കൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. പേരന്‍പ്, നന്‍പകല്‍ നേരത്ത്, കാതൽ... അങ്ങനെ പോകുന്നു ഈ മാറ്റിനിർത്തലിന്റെ രാഷ്ട്രീയ ഉദാഹരണങ്ങള്‍. എഴുപതുകളിലും പുതുതലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം. അത് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറി നിൽക്കുകയല്ല വേണ്ടത്, മറിച്ചു വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെ. നമ്മുടെ എല്ലാം പ്രാർത്ഥന സഫലമായി മമ്മൂട്ടി രോഗത്തെ തോൽപിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു. നാട്യ കലയിൽ സപര്യ തുടരാൻ. തുടർന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ. ഒരു ആഗ്രഹം കൂടി പങ്കു വയ്ക്കുന്നു. കേരള സമൂഹത്തെ മാറ്റി മറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളിൽ അവതരിപ്പിച്ചു കാണണം എന്ന ആഗ്രഹം.